റാബിഖ് ഫിഷിങ് ഹാർബറിലെ കാഴ്ച
റാബിഖ്: സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന് സൗദി പരിസ്ഥിതി മന്ത്രാലയം റാബിഖ് ബ്രാഞ്ച് ചെങ്കടലിലെ മത്സ്യബന്ധന മേഖലയിൽ പരിശോധന ശക്തമാക്കി. പരിസ്ഥിതി സുരക്ഷ വർധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന തൊഴിലിനെ നിയന്ത്രിക്കുന്ന ചട്ടങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.
റാബിഖ് ഗവർണറേറ്റിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഓഫിസ് ഉദ്യോഗസ്ഥരാണ് നിരീക്ഷണ സ്കോഡുകൾ നടത്തുന്നത്. റാബിഖ് ഫിഷിങ് ഹാർബറിന്റെ നിരീക്ഷണം, ബോട്ടുകളും മത്സ്യത്തൊഴിലാളികളും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, അംഗീകൃത മത്സ്യബന്ധന ഉപകരണങ്ങളുടെ ഉപയോഗം, സമുദ്രവിഭവങ്ങളെയും തീരദേശ പരിസ്ഥിതിയെയും ബാധിച്ചേക്കാവുന്ന ലംഘനങ്ങൾ തിരിച്ചറിയൽ എന്നിവയാണ് പരിശോധിക്കുന്നത്.
സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജീവജാലങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികൾ ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താനുമാണ് ഇപ്പോൾ മേഖലയിൽ പരിശോധന കൂടുതൽ കർശനമാക്കിയതെന്ന് ഗവർണറേറ്റിലെ മന്ത്രാലയ ഓഫിസിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഹുസ്സാം ഹമ്മൻ അൽ ജുറൈബ് പറഞ്ഞു.
രാജ്യത്ത് സജീവമായി മത്സ്യബന്ധനം നടത്തുന്ന പ്രധാനപ്പെട്ട തീരദേശ മേഖലകളിൽ ഒന്നാണ് റാബിഖ് ഗവർണറേറ്റ്. രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി സമുദ്രമേഖലയെ കുറ്റമറ്റ മേഖലയാക്കി മാറ്റാനാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.