റിയാദ്​ മെട്രോ റമദാനിൽ യാത്രാസമയം നീട്ടി; ട്രെയിനും ബസും പുലർച്ചെ വരെ സർവിസ്

റിയാദ്: റമദാനിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും പുതിയ സമയക്രമം റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. റമദാനിലെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് സർവിസ് സമയം പുലർച്ചെ വരെ നീട്ടിയത്.

പുതിയ ഷെഡ്യൂൾ അനുസരിച്ച്, റിയാദ് മെട്രോ ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട്​ മുതൽ പുലർച്ചെ 2.30 വരെ സർവിസ് നടത്തും. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ സമയത്തിൽ മാറ്റമുണ്ട്. വെള്ളിയാഴ്ചകളിൽ മെട്രോ സർവിസ് തുടങ്ങുന്നത് രാവിലെ 11-നാണ്; ഇത് പുലർച്ചെ മൂന്ന്​ വരെ നീണ്ടുനിൽക്കും. ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ 2.30 വരെയാകും ട്രെയിനുകൾ ലഭ്യമാവുക. ബസ് സർവിസുകളിലും വിപുലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാധാരണ സിറ്റി ബസുകൾ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 6.30 മുതൽ പുലർച്ചെ മൂന്ന്​ വരെ സർവിസ് നടത്തും.

യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്ന ഓൺ-ഡിമാൻഡ് ബസുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ പുലർച്ചെ മൂന്ന്​ വരെ ലഭ്യമാകും. വെള്ളിയാഴ്ചകളിൽ രാവിലെ 10.30 മുതൽ പുലർച്ചെ മൂന്ന്​ വരെയും ശനിയാഴ്ചകളിൽ രാവിലെ 10.30 മുതൽ പുലർച്ചെ മൂന്ന്​ വരെയുമായിരിക്കും ഈ ബസുകളുടെ പ്രവർത്തന സമയം. റമദാൻ രാത്രികളിൽ ഷോപ്പിങ്ങിനും പ്രാർഥനകൾക്കുമായി പുറത്തിറങ്ങുന്നവർക്ക് പുതിയ സമയക്രമം വലിയ ആശ്വാസമാകുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് കൃത്യമായ സമയവിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ‘ദർബ്​’ ആപ് ഉപയോഗിക്കാം.

Tags:    
News Summary - Riyadh Metro extends travel hours during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.