ചെങ്കടൽ പരിസ്ഥിതി മേഖലകൾ
റിയാദ്: സൗദി അറേബ്യയുടെ ചെങ്കടൽ തീരത്ത് ജൈവവൈവിധ്യ സർവേ നടത്തുന്നതിനും പ്രദേശത്തെ ജീവജാലങ്ങളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനുമുള്ള പദ്ധതിക്ക് തുടക്കം. നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെന്റ് ആണ് ചെങ്കടൽ തീരത്തെ ജൈവവൈവിധ്യ സർവേ നടത്തുന്നതിനുള്ള സമഗ്ര ശാസ്ത്രീയ പദ്ധതി നടപ്പാക്കുന്നത്. സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിലെ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരതയെ പിന്തുണക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി സർവേ കേന്ദ്രം തയാറാക്കിയ പരിസ്ഥിതി സംവേദനക്ഷമത ഭൂപടത്തെ അടിസ്ഥാനമാക്കിയാണ് ഇത്.
പരിസ്ഥിതി സർവേ പ്രവർത്തനങ്ങൾ നിരന്തരമാക്കുകയും കാലാവസ്ഥ വ്യതിയാനത്തിന്റെയും മനുഷ്യ പ്രവർത്തനങ്ങളുടെയും ആഘാതങ്ങളിൽനിന്ന് പരിസ്ഥിതി ലോലപ്രദേശങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്. മത്സ്യങ്ങളും അകശേരുക്കളും (നെട്ടല്ലില്ലാത്ത ജീവികളും) ഉൾപ്പെടെയുള്ള ജീവി സമൂഹങ്ങളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനൊപ്പം 64 തീരദേശ സ്ഥലങ്ങളിൽ ജൈവവൈവിധ്യത്തിന്റെ സമഗ്രമായ സർവേ നടത്തുന്നതിനുള്ള ഫീൽഡ് പ്രവർത്തനങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. കൂടാതെ സമുദ്ര ആവാസവ്യവസ്ഥയിൽ ഭൗതിക മാറ്റങ്ങളുടെ സ്വാധീനം നിരീക്ഷിക്കുന്നതിന് നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് 37 ഭാഗങ്ങളിലുടനീളം സമുദ്രോപരിതല താപനിലയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതും പദ്ധതിയിലുണ്ട്.
പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങളോടുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയിൽനിന്നുള്ളതാണ് ഈ പദ്ധതിയെന്ന് നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെന്റ് സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ പറഞ്ഞു.
പാരിസ്ഥിതിക മാറ്റങ്ങളുടെ പ്രാരംഭ സൂചകങ്ങൾ കണ്ടെത്തുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നയങ്ങൾ രൂപവത്കരിക്കുന്നതിനും പിന്തുണക്കുന്നതിനും പരിസ്ഥിതി സർവേകളും ജൈവവൈവിധ്യത്തിന്റെ ആരോഗ്യനില നിരീക്ഷിക്കലും സുപ്രധാന ശാസ്ത്രീയ ഉപകരണമാണെന്ന് ഖുർബാൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.