റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ ഉംറ തീർഥാടകർ
റിയാദ്: ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങാനിരുന്ന മലയാളി സംഘം ട്രാവൽ ഏജൻസിയുടെ ചതിയെത്തുടർന്ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത് 24 മണിക്കൂർ. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ 45 അംഗ സംഘമാണ് ഏജൻസിയുടെ അനാസ്ഥ മൂലം ദുരിതത്തിലായത്. പ്രായമായവരും കുട്ടികളും അടങ്ങുന്ന സംഘത്തിന് ഒടുവിൽ റിയാദിലെ സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് നാട്ടിലേക്കുള്ള വഴി തുറന്നത്.
കൊണ്ടോട്ടിയിലെ ഒരു ട്രാവൽ ഏജൻസി വഴിയാണ് സംഘം ഉംറക്കെത്തിയത്. മദീന സന്ദർശനം പൂർത്തിയാക്കിയ സംഘത്തോട് മടക്കയാത്ര 1,200 കിലോമീറ്റർ അകലെയുള്ള റിയാദിൽ നിന്നാണെന്ന് ഏജൻസി അറിയിക്കുകയായിരുന്നു. മദീനയിൽനിന്ന് റിയാദിലേക്ക് ബസ് മാർഗമാണ് ഇവരെ എത്തിച്ചത്. എന്നാൽ ഇതിനിടെ മദീനയിൽ വെച്ച് നേരിട്ട ദുരിതങ്ങൾ ഏറെയായിരുന്നു. മദീനയിൽ രണ്ടു മുറികളിലായി 45 പേരെ തിങ്ങിനിറച്ചാണ് താമസിപ്പിച്ചത്. ഒരു മുറിയിൽ മാത്രം 23 പേർ കഴിയേണ്ടി വന്നു.
മടക്കയാത്രയിലെ അനിശ്ചിതത്വം ഭയന്ന് ഏഴ് പേർ സ്വന്തം ചെലവിൽ മദീനയിൽനിന്ന് തന്നെ നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ള 38 പേരെയാണ് ബസ് മാർഗം റിയാദിലെത്തിച്ചത്. ഏജൻസിയുടെ പ്രതിനിധിയായ സംഘത്തിന്റെ അമീറും ഇവരോടൊപ്പം റിയാദിലെത്തി. റിയാദിൽനിന്ന് മുംബൈ വഴിയുള്ള കണക്ഷൻ വിമാനത്തിലാണ് ടിക്കറ്റ് നൽകിയിരുന്നത്. ബോർഡിങ് പാസിനായി ക്യൂ നിൽക്കുമ്പോഴാണ് സംഘത്തിലെ ഏഴുപേരുടെ കൈവശമുള്ളത് ‘ഡമ്മി ടിക്കറ്റ്’ ആണെന്ന വിവരം അധികൃതർ അറിയിക്കുന്നത്.
ഇതോടെ ഇവരുടെ യാത്ര മുടങ്ങി. സംഘത്തിലുണ്ടായിരുന്ന ഒരു കൊച്ചു കുട്ടിയുടെ ടിക്കറ്റ് ഡമ്മിയായതോടെ, ലഗേജ് വിമാനത്തിനുള്ളിൽ കയറ്റിയ മാതാപിതാക്കളും ബന്ധുക്കളും യാത്ര റദ്ദാക്കി കുഞ്ഞിനൊപ്പം വിമാനത്താവളത്തിൽ നിലയുറപ്പിച്ചു. ഇതോടെ ആകെ 12 പേർ പുറത്തായി. ബാക്കി 26 പേർ മുംബൈയിലേക്ക് തിരിച്ചു. എന്നാൽ മുംബൈയിൽ എത്തിയവരും കണക്ഷൻ വിമാനം കിട്ടാതെ അവിടെ കുടുങ്ങുകയായിരുന്നത്രെ.
മണിക്കൂറുകളോളം വിമാനത്താവളത്തിൽ കഴിഞ്ഞ വയോധികരും സ്ത്രീകളും അടങ്ങുന്ന സംഘത്തെ സഹായിക്കാൻ കൂടെയുണ്ടായിരുന്ന അമീറോ ഏജൻസിയോ തയാറായില്ല. വിവരമറിഞ്ഞ് ബത്ഹയിലുള്ള ഫ്ലൈഹട്ട് നട്ട്ഹട്ട് ഗ്രൂപ്പിലെ റംഷി ബാവുട്ടി പരപ്പനങ്ങാടി, അജ്മൽ പുതിയങ്ങാടി എന്നിവർ വിമാനത്താവളത്തിലെത്തി. നാട്ടിലെ ഏജൻസിയെ ബന്ധപ്പെട്ടെങ്കിലും ആദ്യം സഹകരിക്കാൻ തയാറായില്ല.
ഒടുവിൽ സൗദി പൊലീസിലും ‘നുസുക്’ പ്ലാറ്റ്‌ഫോമിലും പരാതി നൽകുമെന്നും മാധ്യമങ്ങളെ വിവരം അറിയിക്കുമെന്നും മുന്നറിയിപ്പ് നൽകിയതോടെ ഏജൻസി വഴങ്ങി. കുടുങ്ങിയവർക്ക് റിയാദ് ഖുറൈസിലെ ഹോട്ടലിൽ താമസസൗകര്യവും നാട്ടിലേക്കുള്ള പുതിയ ടിക്കറ്റും ഏജൻസി ഉറപ്പാക്കി. കുറഞ്ഞ നിരക്കിലുള്ള പാക്കേജുകൾ തെരഞ്ഞെടുക്കുമ്പോൾ ഏജൻസികളുടെ വിശ്വാസ്യതയും ടിക്കറ്റുകളുടെ കൃത്യതയും തീർഥാടകർ ഉറപ്പുവരുത്തണം. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ജാഗ്രത വേണം -റംഷിയും അജ്മലും ഓർമപ്പെടുത്തുന്നു.
മുംബൈ: ഉംറ നിർവഹിച്ച് റിയാദിൽനിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ 26 മലയാളികൾ വഴിയാധാരമായി. ബസ് വഴി നവി മുംബൈ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും ഇൻഡിഗോയുടെ വൈകുന്നേരം 6.30-നുള്ള കൊച്ചി വിമാനത്തിൽ സമയം കഴിഞ്ഞെന്ന പേരിൽ കയറാനായില്ല. സംഘത്തിൽ കുട്ടികളും വയോധികരായ സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർക്കാണ് വിമാനത്തിൽ കയറാൻ കഴിയാതെ നവി മുംബൈ വിമാനത്താവളത്തിൽ കുടുങ്ങേണ്ടി വന്നത്. മലപ്പുറം കുണ്ടോട്ടിയിലെ ഒരു ഏജൻസി മുഖേന ഉംറ നിർവഹിക്കാൻ പോയവരായിരുന്നു ഇവർ.
ഇക്കഴിഞ്ഞ ഡിസംബർ 25ന് ഉദ്ഘാടനം ചെയ്ത നവി മുംബൈ വിമാനത്താവളത്തിൽ നിലവിൽ ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അതും രാത്രികാലങ്ങളിൽ ഫ്ലൈറ്റ് സർവിസുകൾ ഇല്ലാത്ത സാഹചര്യമാണ്. ഈ വിവരം സൗദി ദമ്മാം കെ.എം.സി.സി പ്രവർത്തകനായ അസീസ് ഓൾ ഇന്ത്യ മഹാരാഷ്ട്ര കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂറിനെ വൈകുന്നേരം 7.40-ന് ഫോണിലൂടെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം നവി മുംബൈ വിമാനത്താവളത്തിലെ ജീവനക്കാരെ വിളിച്ച് യാത്രക്കാരുടെ ദുരിതം ധരിപ്പിച്ചു. തുടർന്ന് ബന്ധപ്പെട്ടവരെ കണ്ടെത്തി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു.
പിന്നീട് നവി മുംബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഉൾവാറിനെ വിവരം അറിയിക്കുകയും അദ്ദേഹം നേരിട്ട് വിമാനത്താവളത്തിലെത്തി സംഘാംഗങ്ങളെ സമീപത്തെ ഒരു ഹോട്ടലിൽ സുരക്ഷിതമായി താമസിപ്പിക്കുന്നതിനും ആവശ്യമായ ഭക്ഷണം ഒരുക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ നടത്തി. അവരെ അടുത്ത ദിവസത്തെ വിമാനത്തിൽ നാട്ടിലേക്ക് അയക്കാനും നടപടി സ്വീകരിച്ചു. ഉംറ തീർഥാടകരോട് ചില ട്രാവൽ ഏജൻസികൾ ചെയ്യുന്ന ഇത്തരം ക്രൂരതകളിൽ ശക്തമായ പ്രതിഷേധം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.