കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ സംഘത്തെ കരിപ്പൂരിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
മക്ക: ആദ്യസംഘം മലയാളി ഹാജിമാർ ശനിയാഴ്ച മുതൽ മക്കയിലെത്തും. 77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പെടെ 172 തീർഥാടകരാണ് ആദ്യ വിമാനത്തിൽ ജിദ്ദയിൽ എത്തുന്നത്. കോഴിക്കോട്ടുനിന്ന് പുലർച്ചെ 1.10ന് പുറപ്പെടുന്ന വിമാനം, സൗദി സമയം പുലർച്ചെ 4.35ന് ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തും. ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി വളന്റിയർമാർ ഹാജിമാരുടെ സഹായത്തിന് ഹജ്ജ് ടെർമിനലിൽ ഉണ്ടാകും. നടപടികൾ പൂർത്തിയാക്കി ഹജ്ജ് സർവിസ് കമ്പനികൾ തീർഥാടകരെ മക്കയിലെത്തിക്കും.
മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ മലയാളി സന്നദ്ധ സംഘടനകളും തീർഥാടകരെ സ്വീകരിക്കും. ഇതിനുള്ള തയാറെടുപ്പുകളെല്ലാം മക്കയിൽ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാമത്തെ വിമാനം ശനിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് സൗദി സമയം രാത്രി എട്ടിന് ജിദ്ദയിലെത്തും. 87 പുരുഷന്മാരും 86 സ്ത്രീകളുമുൾപ്പെടെ 173 തീർഥാടകരാണ് ഇതിൽ യാത്ര ചെയ്യുന്നത്. മറ്റന്നാൾ മുതൽ കണ്ണൂരിൽനിന്നും ഈമാസം 16 മുതൽ കൊച്ചിയിൽനിന്നും തീർഥാടകർ എത്തിത്തുടങ്ങും.
കോഴിക്കോട്ടുനിന്നും ഞായറാഴ്ച മൂന്ന് വിമാനങ്ങള്‍ സർവിസ് നടത്തും. പുലര്‍ച്ചെ 1.05നും രാവിലെ 8.05നും വൈകീട്ട് 4.30 നുമാണ് വിമാനങ്ങള്‍ പുറപ്പെടുക. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നിർവഹിച്ചിരുന്നു. എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, മത, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
മദീന സന്ദർശനം പൂർത്തിയാക്കിയ ഇന്ത്യൻ ഹാജിമാർ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തുന്നുണ്ട്. ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് ശനിയാഴ്ച മുതലാണ് ആരംഭിക്കുന്നത്. ജിദ്ദ വഴിയെത്തുന്ന മുഴുവൻ ഹാജിമാരും ഹജ്ജ് കഴിഞ്ഞ് മദീന സന്ദർശനം പൂർത്തിയാക്കും. മദീന വഴിയായിരിക്കും ഇവരുടെ നാട്ടിലേക്കുള്ള മടക്കം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ സംഘത്തെ കരിപ്പൂരിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, ക്യാമ്പ് വളന്റിയർമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.