അഫാൻ കളിക്കളത്തിൽ
ദമ്മാം: സൗദി ക്രിക്കറ്റിന്റെ ക്രീസിൽ പന്തടിച്ചുകൂട്ടാൻ മലയാളിയായ കൗമാരക്കാരനും. സൗദി അണ്ടർ 16 ദേശീയ ടീമിൽ ഇടംപിടിച്ച് മലപ്പുറത്തുകാരനായ അഫാൻ അലി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മിടുക്കനായ അഫാൻ അലി ദമ്മാമിൽ പ്രവാസി ബിസിനസുകാരനായ മലപ്പുറം മങ്ങാട്ടുകുളം കോഡൂർ സ്വദേശി സുലൈമാന്റെയും അസ്മയുടെയും മൂത്ത മകനാണ്.
ആഴ്ചകൾക്ക് മുമ്പാണ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് ദമ്മാമിൽ നടന്നത്. ഒപ്പം മത്സരിച്ച 45 പേരെ പിന്തള്ളിയാണ് ഈ പതിനഞ്ചുകാരൻ അപൂർവ നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് കളിക്കാരനും സംഘാടകനുമായ പിതാവ് സംഘടിപ്പിച്ച ക്രിക്കറ്റ് പരിശീലന ക്യാമ്പിൽ ശിവ എന്ന മികച്ച പരിശീലകന്റെ ശിക്ഷണത്തിൽ വളർന്ന അഫ്ഫാൻ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ബൗളിങ്ങിൽ ലെഫ്റ്റ് ഹാൻഡ് സ്പിന്നറാണ്. നിരവധി പ്രാദേശിക മത്സരങ്ങളിൽ അസൂയർഹമായ വിക്കറ്റുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. അതേസമയം റൈറ്റ് ഹാൻഡ് ബാറ്ററാണെന്ന വിസ്മയകരമായ പ്രത്യേകതയുമുണ്ട്. ദമ്മാം ഇന്റർനാഷനൽ 10ാം ക്ലാസ് വിദ്യാർഥിയായ അഫ്ഫാന്റെ നേട്ടം ദമ്മാമിലെ ഗൂക്കാ ക്രിക്കറ്റ് അക്കാദമിയുടേത് കൂടിയാണ്. ഈ അക്കാദമിയിലെ പരിശീലകനും തമിഴ്നാട് സ്റ്റേറ്റ് ടീം മുൻ കളിക്കാരനുമായിരുന്ന ശിവയാണ് അഫാന് പരിശീലനം നൽകിയത്. അദ്ദേഹത്തിന്റെ കണിശതയുള്ള പരിശീലനം നിരവധി വിദ്യാർഥികളെ ക്രിക്കറ്റിൽ തിളങ്ങാൻ പ്രാപ്തമാക്കിയിട്ടുണ്ട്. സ്വദേശി കുട്ടികളെ ഉൾപ്പടെ ഗൂക്ക അക്കാദമി പരിശീലിപ്പിക്കുന്നുണ്ട്.
അഫാൻ
സൗദി സ്പോർട്സ് അതോറിറ്റി ക്രിക്കറ്റ് കളിയെ പരിഗണിച്ചു തുടങ്ങിയത് അടുത്തകാലത്താണ്. സൗദി ക്രിക്കറ്റ് അക്കാദമി മികച്ച കളിക്കാരെ കണ്ടെത്താൻ സംഘടിപ്പിച്ച മത്സരത്തിൽ നൂറിലധികം കുട്ടികളും യുവാക്കളും പങ്കെടുത്തിരുന്നു. അതിൽനിന്ന് 45 പേരെ തെരഞ്ഞെടുത്ത് നടത്തിയ മത്സരമാണ് അഫാനിലെത്തിയത്. കഴിഞ്ഞയാഴ്ച ഖത്തറിൽ നടന്ന എ.സി.സി അണ്ടർ 16 വെസ്റ്റ് സോൺ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അഫാൻ ആദ്യമായി സൗദി ജഴ്സി അണിഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
കുട്ടിക്കാലത്ത് തന്നെ ക്രിക്കറ്റിലേക്ക് ശ്രദ്ധതിരിച്ച പിതാവ് സുലൈമാനും കളിതന്ത്രങ്ങൾ പറഞ്ഞ് തന്ന ശിവ അങ്കിളുമാണ് ഈ നേട്ടത്തിന്റെ യഥാർഥ അവകാശികളെന്ന് അഫാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഐ.പി.എൽ മാതൃകയിൽ ദമ്മാമിൽ പ്രീമിയർ ലീഗ് നടത്തിവരുന്ന നജ്മുസമാന്റെ നേതൃത്വത്തിലുള്ള മലപ്പുറം പ്രവാസികളുടെ പിന്തുണയും എടുത്തുപറയേണ്ടതാണെന്നും അഫാൻ പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇപ്പോൾ സൗദി ടീമിലുള്ളത്. എന്നാൽ വൈകാതെ കൂടുതൽ സ്വദേശി കളിക്കാർ അതിലേക്ക് വരും. ക്രിക്കറ്റിനോട് സൗദി കുട്ടികളിൽ താൽപര്യം വർധിച്ചിട്ടുണ്ടെന്നും അഫാൻ പറഞ്ഞു. സൗദി സ്പോർട്സ് അതോറിറ്റിയുടെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമികൾ മികച്ച പരിശീലനമാണ് നൽകുന്നത്. ആയിഷ ഫാണി, അർഫാൻ എന്നിവർ അഫാന്റെ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.