മലയാളം മിഷൻ ‘സുഗതാഞ്ജലി’ ആഗോളകാവ്യാലാപന മത്സരം സൗദി അറേബ്യ ചാപ്റ്റർ തല മത്സര വിജയികൾ: അൻസ്റ്റിയ മരിയ (സബ് ജൂനിയർ ഒന്നാം സ്ഥാനം), അബ്ദുൽ ഹമീസ് (രണ്ടാം സ്ഥാനം), ധ്വനി ചന്ദ്രൻ (മൂന്നാം സ്ഥാനം).
റിയാദ്: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം മലയാളം മിഷൻ നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ 2025 ലെ സൗദി അറേബ്യ ചാപ്റ്റർ തല മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ അൻസ്റ്റിയ മരിയ (അൽ ഖസീം) ഒന്നാം സ്ഥാനവും അബ്ദുൽ ഹമീസ് (ദമ്മാം) രണ്ടാം സ്ഥാനവും ധ്വനി ചന്ദ്രൻ (നജ്റാൻ) മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ പി.എസ്. തീർഥ (ജീസാൻ) ഒന്നാം സ്ഥാനവും ഖദീജ താഹ (ജീസാൻ) രണ്ടാം സ്ഥാനവും ഗൗരി നന്ദ (ദമ്മാം) മൂന്നാം സ്ഥാനവും നേടി. മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന റിയാദ്, ദമ്മാം, ജിദ്ദ, അൽഖസീം, തബൂക്ക്, നജ്റാൻ, അബഹ, ജിസാൻ എന്നീ മേഖലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുത്തത്.
പി.എസ്. തീർഥ (ജൂനിയർ ഒന്നാം സ്ഥാനം), ഖദീജ താഹ (രണ്ടാം സ്ഥാനം), ഗൗരി നന്ദ (മൂന്നാം സ്ഥാനം)
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള മത്സരത്തിൽ പ്രമുഖ മലയാള കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ.എൻ.വി. കുറുപ്പിന്റെ കവിതകളാണ് മത്സരാർഥികൾ ചൊല്ലിയത്. കവികളും എഴുത്തുകാരുമായ സബീന എം. സാലി, നീതു കുറ്റിമാക്കൽ, ശിവപ്രസാദ് പാലോട് എന്നിവർ വിധികർത്താക്കളായിരുന്നു.മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു. ജോസഫ് അതിരുങ്കൽ വിജയികളെ പ്രഖ്യാപിച്ചു.
പ്രവാസി മലയാളികളുടെ പുതുതലമുറയിൽ മാതൃഭാഷ പ്രചരിപ്പിക്കേണ്ടതിെൻറ പ്രാധാന്യവും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളിൽ മലയാള ഭാഷ പകർന്നു നൽകുന്നതിൽ കാവ്യാലാപന മത്സരത്തിന്റെ പ്രസക്തിയും മലയാളം മിഷൻ നടത്തുന്ന കഥാവായന, പ്രസംഗം, ചിത്രരചന, ഭാഷ-സാഹിത്യ അഭിരുചി ക്യാമ്പുകളുടെ പ്രാധാന്യവും ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ വിശദീകരിച്ചു. ചാപ്റ്റർ ചെയർമാൻ താഹ കൊല്ലെത്ത്, കൺവീനർ ഡോ. ഷിബു തിരുവനന്തപുരം, ലോക കേരള സഭ അംഗം കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ വിദഗ്ധ സമിതി വൈസ് ചെയർമാൻ ഡോ. രമേശ് മൂച്ചിക്കൽ എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ വിദഗ്ധ സമിതി ചെയർപേഴ്സൺ ഷാഹിദ ഷാനവാസ്, മേഖല കോഓർഡിനേറ്റർമാരായ ഡോ. രമേശ് മൂച്ചിക്കൽ, അനു രാജേഷ്, ഷാനവാസ് കളത്തിൽ, പി.കെ. ജുനൈസ്, ഉബൈസ് മുസ്തഫ, കെ. ഉണ്ണികൃഷ്ണൻ, വി.കെ. ഷഹീബ എന്നിവർ നേതൃത്വം നൽകി.
സൗദി ചാപ്റ്റർ തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രം നൽകുകയും മലയാളം മിഷൻ കേന്ദ്ര ഓഫീസ് നടത്തുന്ന ആഗോള തല ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുമെന്ന് ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫനും വിദഗ്ധ സമിതി ചെയർപേഴ്സൺ ഷാഹിദ ഷാനവാസും അറിയിച്ചു.‘സുഗതാഞ്ജലി’ ആഗോളതല മത്സരം, മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫൈനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്ക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് അവാർഡും സാക്ഷ്യപത്രവും മലയാളം മിഷൻ നൽകും. പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും ഫൈനലിൽ വിധി നിർണയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.