ജിസിസി രാജ്യങ്ങൾക്കും ജോർദാനുമെതിരെയുള്ള ഇറാന്‍റെ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ

ജനീവ/റിയാദ്​: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. അറബ് കൂട്ടായ്​മക്ക്​ വേണ്ടി ജനീവയിൽ യു.എൻ അസംബ്ലിയിൽ സംസാരിക്കവെയാണ് സൗദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഈ ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് സൗദി ചൂണ്ടിക്കാട്ടി. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, യുഎഇ, ജോർദാൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങൾ അന്താരാഷ്​ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് സൗദി പ്രസ്താവനയിൽ പറഞ്ഞു.

ഐക്യരാഷ്​ട്രസഭയുടെ ചാർട്ടറിന് വിരുദ്ധമായ ഇത്തരം നടപടികൾ രാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡതയെ ചോദ്യം ചെയ്യുന്നതാണെന്നും സൗദി അറിയിച്ചു. ജനീവയിൽ നടന്ന ഐക്യരാഷ്​ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലി​െൻറ 61-ാം സെഷനിൽ, അറബ് ഗ്രൂപ്പിന് വേണ്ടി സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്​ദുൽ മുഹ്സിൻ ബിൻ മജീദ് ബിൻ ഖുതൈലയാണ് പ്രസ്താവന നടത്തിയത്.

മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഈ ആക്രമണങ്ങൾ വലിയ ഭീഷണിയാണെന്ന് പ്രസ്താവനയിൽ പറയുന്നു. അറബ് രാജ്യങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും സംഘർഷങ്ങൾ കുറയ്ക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇറാ​െൻറ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രകോപനം ഉണ്ടായതെന്ന് സൗദി കുറ്റപ്പെടുത്തി. ഇത് സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും തകർക്കുന്നതും നീതീകരിക്കാനാവാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിന് ഇരയായ മറ്റ് അറബ് രാജ്യങ്ങളോട് സൗദി അറേബ്യ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്താരാഷ്​ട്ര നിയമങ്ങൾക്കും ഐക്യരാഷ്​ട്രസഭയുടെ ചാർട്ടറിനും വിധേയമായി തങ്ങളുടെ ജനങ്ങളെയും സുരക്ഷയെയും സംരക്ഷിക്കാനും പ്രതിരോധിക്കാനും ഈ രാജ്യങ്ങൾക്ക് അവകാശമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Saudi Arabia condemns Iran's attack against GCC countries and Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.