മലയാളം മിഷൻ റിയാദ് മേഖല കേരളപ്പിറവി, ഭാഷാദിനാഘോഷ പരിപാടിയിൽ ഭാഷാപ്രതിജ്ഞയെടുക്കുന്നു

മലയാളം മിഷൻ റിയാദിൽ കേരളപ്പിറവിയും ഭാഷാദിനവും ആഘോഷിച്ചു

റിയാദ്: മലയാളം മിഷൻ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവിയും ഭാഷാദിനവും വിപുലമായി ആഘോഷിച്ചു. മലയാളഭാഷയുടെ സമ്പന്ന പൈതൃകത്തേയും കേരളത്തി​ന്റെ പിറവിയുടെ മഹത്വത്തേയും അനുസ്മരിപ്പിച്ച്​ നടന്ന പരിപാടിയിൽ മലയാളം മിഷൻ പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും മലയാളപ്രേമികളും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി മലയാളം മിഷൻ പഠിതാക്കളായ കുട്ടികൾക്ക് എം.ടി. വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ മലയാളം മിഷൻ അധ്യാപിക ലക്ഷ്മി സുനിൽ ചൊല്ലിക്കൊടുത്തു. മേഖല കോഓഡിനേറ്റർ വി.കെ. ഷഹീബ ആമുഖപ്രഭാഷണം നടത്തി.

മലയാളം മിഷ​ന്റെ പ്രവർത്തനരീതികളെയും വിദേശത്ത് മലയാളപഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളെയും അവർ വിശദീകരിച്ചു. മാതൃഭാഷയുടെ സംരക്ഷണവും പ്രചരണവും മലയാളി സമൂഹത്തി​ന്റെ കടമയാണെന്നും ഭാഷയുടെ ആത്മാവാണ് ഒരു ജനതയുടെ വ്യക്തിത്വമെന്നും അവർ ഓർമിപ്പിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്​റ്റീഫൻ, മാതൃഭാഷ പഠനത്തി​ന്റെ സാമൂഹികസാംസ്കാരിക പ്രാധാന്യത്തെ കുറിച്ച് വിശകലനം ചെയ്തു.

ഭാഷയാണ് ഒരു ജനതയുടെ ചിന്താശൈലിയെയും സംസ്കാരവൈഭവത്തെയും പ്രതിഫലിപ്പിക്കുന്നതെന്നും വിദേശത്തുള്ള കുട്ടികൾക്ക് മലയാള പഠനം അവരുടെ വേരുകളുമായി ബന്ധം നിലനിർത്താൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവിയുടെയും ഭാഷാദിനാഘോഷങ്ങളുടെയും ചരിത്രപരമായ പശ്ചാത്തലം പങ്കുവെച്ച്​, മലയാളഭാഷയുടെ ആഗോളവ്യാപനത്തിൽ മലയാളം മിഷൻ വഹിക്കുന്ന പങ്കിനെകുറിച്ച് ലോക കേരളസഭ അംഗം കെ.പി.എം. സാദിഖ് സംസാരിച്ചു.

ഭാഷയുടെ മൂല്യങ്ങൾ അടുത്ത തലമുറയിലേക്ക് പകർന്നുനൽകുക മലയാളികളുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേളി ഒലയ്യ ഏരിയാകമ്മിറ്റി അംഗം ലബീബ് സ്വാഗതവും കേളി കുടുംബ വേദി കേന്ദ്ര കമ്മിറ്റി അംഗം വിദ്യ ഗിരീഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Malayalam Mission celebrates Kerala Birth and Language Day in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.