ഖുർആൻ മനഃപാഠമാക്കിയ ആദിലിനെ മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ആദരിക്കുന്നു
ജിദ്ദ: റമദാന്റെ പവിത്ര നിമിഷങ്ങളിൽ സഹോദര്യത്തിന്റെ ചൂടും പങ്കിടലിന്റെ മധുരവും നിറച്ചൊരു ആത്മീയ സന്ധ്യയായി മലബാർ അടുക്കള ജിദ്ദ ചാപ്റ്ററിന്റെ വാർഷിക ഇഫ്താർ സംഗമം ശ്രദ്ധേയമായി. ജിദ്ദയിലെ പ്രവാസി സമൂഹത്തെ ഒരുമിപ്പിച്ച് ആത്മീയ ചിന്തകൾക്കും മനുഷ്യസ്നേഹത്തിനും വഴിയൊരുക്കിയ സംഗമം, പങ്കെടുത്തവർക്കൊരു ഹൃദയസ്പർശിയായ അനുഭവമായി.വിശ്വാസികൾക്ക് ലഭിച്ചിരിക്കുന്ന ശ്രേഷ്ഠമായ ദിനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഗമത്തിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി.
റമദാനിന്റെ അവസാന പത്ത് രാവുകളിൽ പ്രതീക്ഷിക്കുന്ന ലൈലത്തുൽ ഖദ്റ്, ആയിരം മാസങ്ങളേക്കാൾ ഉത്തമമായ രാവായി പരിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നതായി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യൻ ചെയ്യുന്ന ദാനധർമ്മങ്ങളിലൂടെ മാത്രമേ ശരീരവും സമ്പത്തും ശുദ്ധീകരിക്കപ്പെടുകയുള്ളൂ എന്നും, കർമ്മങ്ങളുടെയും പ്രാർത്ഥനകളുടെയും സ്വീകര്യതയ്ക്ക് ആത്മീയ ശുദ്ധിയും മനസ്സിന്റെ നന്മയും അനിവാര്യമാണെന്നും റമദാൻ സന്ദേശം ഓർമ്മിപ്പിച്ചു. മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ കോഓർഡിനേറ്ററും മോഡറേറ്ററുമായ കുബ്ര ലത്തീഫ് അധ്യക്ഷത വഹിച്ചു. മലബാർ അടുക്കള അംഗം ഷെമീമയുടെ മകൻ ആദിൽ ഖുർആൻ മനഃപാഠമാക്കിയതിന് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
വി.പി മുസ്തഫ, അഹ്സാബ് വർക്കല, മുസാഫിർ, ജലീൽ കണ്ണമംഗലം, ഹസ്സൻ കൊണ്ടോട്ടി, ഖാജ, സി.എം അഹമ്മദ്, ഡോ. മുശ്കാത്, സലീന മുസാഫിർ എന്നിവർ ആശംസകൾ നേർന്നു. ഷബ്ന, ഷംസീറ, സാഹിറ സവാദ്, ആശിക റംനാസ്, ഹസീന അഫ്സൽ, സബ്രീന, മുംതാസ്, സുറുമി, സുനീറ, ഫായിസ, ലത്തീഫ് മൊഗ്രാൽ, സവാദ്, മജീദ്, റംനാസ്, ജബ്ബാർ. ഗഫൂർ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.പരിപാടിയിലെ സ്നേഹവും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ ക്യാമറാമാൻ ആഷിഫ് തന്റെ ലെൻസിലൂടെ അതിമനോഹരമായി പകർത്തി. ഓരോ വർഷവും ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ പ്രവാസി സമൂഹത്തിന് കരുതലിന്റെ കൈത്താങ്ങായും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇഫ്താറിന് മുമ്പായി തൊഴിലാളി ക്യാമ്പുകളിലെ സഹോദരങ്ങൾക്ക് ഭക്ഷണ കിറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തത് സേവനത്തിന്റെ മനോഹര പാരമ്പര്യമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.