മൈത്രി ജിദ്ദ സംഘടിപ്പിച്ച ‘മൈത്രി സ്പോർട്സ് മീറ്റ് 2025’ കായികോത്സവം
ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ‘മൈത്രി ജിദ്ദ’ അംഗങ്ങൾക്കായി സംഘടിപ്പിച്ച മൈത്രി സ്പോർട്സ് മീറ്റ് 2025 വർണാഭമായ പരിപാടികളോടെ സമാപിച്ചു. ഇന്ത്യൻ ദേശീയ പതാകയിലെ 3 വർണങ്ങളെ പ്രതിനിധീകരിച്ച് മൊത്തം അംഗങ്ങളെ 3 ഹൌസുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. വിവിധ കായിക മത്സരങ്ങളുടെ സമാപന ദിനം ത്രിവർണ ജേഴ്സി അണിഞ്ഞ അംഗങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് തുടക്കം കുറിച്ചത്.
മൈത്രി പ്രസിഡന്റ് ഷരീഫ് അറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങ് മുൻ മലയാളം ന്യൂസ് എഡിറ്ററും, സാഹിത്യകാരനുമായ മുസാഫിർ ഉദ്ഘാടനം ചെയ്തു. നവോദയ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം, മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി, കെ.എം.സി.സി നേതാവ് നാസർ വെളിയങ്കോട്, നോർക്ക ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് ഷംസുദ്ദിൻ, മുസ്തഫ മാസ്റ്റർ, പ്രവാസി സാഹിത്യകാരി റജിയ വീരാൻ, ജിദ്ദ കേരള എൻജിനിയേഴ്സ് ഫോറം നേതാവ് ഇക്ബാൽ പോക്കുന്ന്, മൈത്രി അംഗവും ജിദ്ദയുടെ ജനകീയ ഡോക്ടറുമായ വിനീത പിള്ള, സാമൂഹിക പ്രവർത്തകനായ വാസു എന്നിവർ സല്യൂട്ട് സ്വീകരിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. മൈത്രി ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ സ്വാഗതവും ട്രഷറർ കിരൺ കലാനി നന്ദിയും പറഞ്ഞു.
കായിക മത്സരങ്ങളിൽ അബിൻരാജ് - റെജില സഹീർ നേതൃത്വം നൽകിയ ഗ്രീൻ ഹൗസ് കൂടുതൽ പോയിന്റ് നേടി ചാമ്പ്യന്മാരായി കള്ളിയത്ത് അബൂബക്കർ ഹാജി മെമ്മോറിയൽ എവർ റോളിങ് ട്രോഫി കരസ്ഥമാക്കി. സഹീർ മാഞ്ഞാലി-റംസീന സക്കീർ നേതൃത്വം നൽകിയ വൈറ്റ് ഹൗസും, ഉനൈസ് -ആയിഷ ഫവാസ് നേതൃത്വം നൽകിയ ഓറഞ്ച് ഹൗസും യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.
അംഗങ്ങളുടെ കലാ-കായിക കഴിവുകളെ എന്നും പ്രോത്സാഹിപ്പിക്കുന്ന മൈത്രി ജിദ്ദയെ ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു. മൈത്രി കൾചറൽ സെക്രട്ടറി നൂറുന്നീസ ബാവയുടെ ഏകോപനത്തിൽ നടത്തപ്പെട്ട കായികമേളയിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ ഉല്ലാസ് അടൂർ സ്മാരക വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫി 25 പോയിന്റ് നേടി ആർസു കാരപ്പഞ്ചേരി എന്ന കൊച്ചു മിടുക്കി കരസ്ഥമാക്കി. പുരുഷ വിഭാഗം കാരംസിൽ എ. പി മുഹമ്മദ് അഷ്റഫ് സ്മാരക ചാമ്പ്യൻ ട്രോഫി സുൽഫിക്കർ മാപ്പിള വീടും സ്ത്രീകളുടെ കാരംസിൽ മുസ്തഫ കാട്ടീരി സ്മാരക ചാമ്പ്യൻ ട്രോഫി ആയിഷ ഫവാസും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.