മദീനയിലെത്തിയ തെലുങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായി ചർച്ച നടത്തുന്നു.

മദീന ബസ് ദുരന്തം: മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും മദീനയിലെത്തി, മരിച്ചവരുടെ കുടുംബാംഗങ്ങൾ നാളെയെത്തും

മദീന / ഹൈദരാബാദ്: മദീനയ്ക്ക് സമീപം ബസ് അപകടത്തിൽ മരിച്ച 45 ഇന്ത്യൻ ഉംറ തീർഥാടകരുടെ തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി തെലുങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും മദീനയിലെത്തി. മാജിദ് ഹുസൈന്‍ എം.എൽ.എ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ബി. ഷഫിഉള്ള എന്നിവരാണ് സംഘത്തിലുള്ളത്. സ്ഥിതിഗതികളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായി സംഘം ചർച്ച നടത്തി.

അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി തെലുങ്കാന ന്യൂനപക്ഷ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപന സൊസൈറ്റി ചെയർമാൻ ഫഹീം ഖുറേഷി അറിയിച്ചു. ബന്ധുക്കൾ ബുധനാഴ്ച്ച പുലർച്ചെ രണ്ട് മണിക്കുള്ള കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ യാത്ര തിരിക്കും. മരിച്ചവരുടെ എല്ലാ നടപടിക്രമങ്ങളും സുഗമമായി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തെലുങ്കാന സർക്കാർ സൗദിയിലെ ഉദ്യോഗസ്ഥരുമായി നിരന്തരമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് ഫഹീം ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു.

മൃതദേഹങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട ഔപചാരികതകൾ പൂർത്തിയാക്കാനും ആവശ്യമായ മറ്റ് രേഖാപരമായ നടപടികൾ വേഗത്തിലാക്കാനും ഇന്ത്യൻ, സൗദി അധികൃതർ മദീനയിൽ വെച്ച് വിശദമായ യോഗം ചേർന്നിരുന്നു. ഈ നടപടികൾ മേൽനോട്ടം വഹിക്കുന്നതിനായാണ് ന്യൂനപക്ഷകാര്യ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിൽ മാജിദ് ഹുസൈൻ എം.എൽ.എ അടക്കമുള്ള സർക്കാർ പ്രതിനിധി സംഘം മദീനയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

സൗദിയിലേക്ക് പോകുന്ന കുടുംബാംഗങ്ങളുടെ യാത്രയുടെയും താമസത്തിന്റെയും മുഴുവൻ ഉത്തരവാദിത്തവും തെലുങ്കാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. മദീനയിൽ എത്തിച്ചേരുമ്പോൾ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ താമസസൗകര്യവും പ്രാദേശിക ഗതാഗതവും മറ്റ് ക്രമീകരണങ്ങളും പൂർണ്ണമായും സർക്കാർ കൈകാര്യം ചെയ്യും. ബന്ധുക്കളോട് ഇന്ന് രാത്രി 10 മണിക്ക് ഹജ്ജ് ഹൗസിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെ നിന്ന് അവരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. മദീനയിലേക്ക് നേരിട്ടുള്ള വിമാനമില്ലാത്തതിനാൽ സംഘം കുവൈത്ത് വഴിയായിരിക്കും യാത്ര ചെയ്യുക. മദീന വിമാനത്താവളത്തിൽ എത്തുമ്പോൾ നേരത്തെ എത്തിയ തെലുങ്കാന സർക്കാർ പ്രതിനിധി സംഘം അവരെ സ്വീകരിക്കും.

അടിയന്തര പാസ്‌പോർട്ടുകൾ ഏർപ്പെടുത്തുന്നതിലും വിസകൾക്കായി സൗദി എംബസിയുമായി ഏകോപിപ്പിക്കുന്നതിലും സർക്കാർ സഹായം നൽകിയതായും ഖുറേഷി അറിയിച്ചു. ആകെ 32 പേരാണ് യാത്ര പുറപ്പെടാൻ ഒരുങ്ങുന്നത്. ഇതിൽ 25 മുതൽ 26 വരെ പേർ മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങളാണ്. സമയബന്ധിതമായി പാസ്‌പോർട്ടോ വിസയോ ലഭിക്കാത്തവർക്ക് അടുത്ത വിമാനത്തിൽ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും എല്ലാ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരുമെന്നും ഖുറേഷി ഉറപ്പ് നൽകി.


Tags:    
News Summary - Madinah bus tragedy: Minister Mohammad Azharuddin reaches Madinah, family members of the deceased will arrive tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.