ജുബൈലിൽ ഏതാനും ദിവസം മുമ്പ് ഉത്തർപ്രദേശ് സ്വദേശിയായ ഒരു മകൻ സ്വന്തം പിതാവിനെ രണ്ട് കണ്ണുകൾ ചൂഴ്ന്നെടുത്ത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ വാർത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്.
കൊല ചെയ്യപ്പെടാനുണ്ടായ കാരണമായി പറയുന്നത് നാട്ടിൽ ലഹരിക്കടിമയായിരുന്ന മകനെ നല്ല ജീവിതത്തിലേക്ക് വരുവാൻ ഒന്നര മാസം മുമ്പ് പിതാവ് സൗദിയിലേക്ക് കൊണ്ടുവന്നതായിരുന്നു.
ഏതാനും ദിവസം മുമ്പാണ് കോഴിക്കോട് താമരശ്ശേരിയിൽ മസ്തിഷ്കാർബുദം ബാധിച്ച് ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മാതാവിനെ മകൻ വെട്ടിക്കൊന്നത്.
ലഹരിയുപയോഗത്തിന് പണം നൽകാത്തതുകൊണ്ട് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് മാതാവിന് നൽകിയത് എന്നാണ് മകൻ പൊലീസിന് മൊഴി നൽകിയത്. ലഹരിമരുന്നുമായി ഒരു ദന്തഡോക്ടർ കൊച്ചിയിൽ പിടിയിലായ വാർത്തയും നാം കഴിഞ്ഞദിവസം വായിക്കുകയുണ്ടായി.
ലഹരി മാഫിയകൾ യുവതലമുറയെ പിടിമുറുക്കുമ്പോൾ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും ഏറെ ആശങ്കയിലാണ്. നമ്മുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങളോട് ചേർന്നുള്ള കടകളിലും പരിസരങ്ങളിലും പുകയില ലഹരി മയക്കുമരുന്ന് വിൽക്കുന്നതും വാങ്ങുന്നതുമല്ലാം നിരീക്ഷിക്കാൻ രഹസ്യ സംവിധാനമുണ്ടാക്കാൻ അധികൃതർ തെയ്യാറാവണം.
അനാരോഗ്യമായ കുടുംബാന്തരീക്ഷവും മാനസിക സമ്മർദവും കൂട്ടുകാരുടെ പ്രേരണയും സമ്മർദ്ദവുമാണ് മിക്കപ്പോഴും കൗമാരപ്രായക്കാർ ലഹരിയുടെ വലയിൽ പെട്ടുപോകാൻ കാരണമാകുന്നത്.
നമ്മുടെ വീടുകളിൽ ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കപ്പെടണം. മാതാപിതാക്കളോട് തുറന്ന് സംസാരിക്കാനുള്ള സ്പേസ് മക്കൾക്ക് നൽകണം.
മൊബൈൽ, ഇന്റർനെറ്റ് അമിതോപയോഗം പരസ്പരം തുറന്ന് സംസാരിക്കുന്നതിനുള്ള സ്പേസ് ഇല്ലാതാക്കിയിട്ടുണ്ട്. കുട്ടികളിൽ സമ്മർദം ചെലുത്തുന്ന രക്ഷിതാക്കളുടെ പ്രതിനിധികളാകാതെ അവരെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ തെറ്റുകളെ കുറ്റപ്പെടുത്താതെ തിരുത്തി നല്ല മാതൃകകൾ നൽകുന്ന മാതാപിതാക്കളാകുവാൻ നാം ശ്രദ്ധിച്ചാൽ ലഹരി പോലയുള്ള വഴികേടിലേക്ക് പോകുന്നത് ഇല്ലാതാക്കാൻ സാധിക്കും.
മാനസിക, വൈകാരിക പ്രശ്നങ്ങൾ ഉള്ള കുട്ടികളിൽ ലഹരി ഉപയോഗത്തിനു സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി വിദഗ്ധ സഹായം തേടണം. ലഹരി ഉപയോഗിക്കുന്നവരിൽ ചില പൊതുലക്ഷണങ്ങൾ മനസിലാക്കാൻ സാധിക്കും.
ശാരീരിക ക്ഷീണം, കൃത്യനിഷ്ഠയില്ലാതെ പെരുമാറൽ, ഏകാന്തമായി മുറിക്കുള്ളിൽ തനിച്ചിരിക്കൽ, ഭക്ഷണം കഴിക്കാതിരിക്കൽ, നേരംതെറ്റിയ നേരങ്ങളിലുള്ള വരവും പോക്കും, വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾക്കു മുഖംകൊടുക്കാതെ മുറിയിൽ കയറുക, ചൂയിംഗത്തിന്റെ അമിതമായ ഉപയോഗം, പഠനത്തിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധയില്ലാതെ അലസരായി തുടരുക, വീട്ടിൽനിന്ന് നിരന്തരം പണം ആവശ്യപ്പെടുക, പതിവു സുഹൃത്തുക്കളിൽനിന്ന് വ്യത്യസ്തമായി പുതിയ സൗഹൃദങ്ങൾ തെരഞ്ഞെടുക്കുക എന്നിവയൊക്കെ പ്രതൃക്ഷത്തിൽ കാണാവുന്ന ലക്ഷണങ്ങളാണ്.
നമ്മുടെ മക്കളോ മറ്റോ ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെടുകയോ വല്ല സംശയങ്ങൾ തോന്നുകയോ ചെയ്താൽ അവരോട് പൊട്ടിതെറിക്കുകയോ കുറ്റപ്പെടുത്തി തെറ്റുകാരായി മുദ്രകുത്തി അകറ്റുകയോ ചെയ്യാതെ സമചിത്തതയോടും ഉത്തരവാദിത്തബോധത്തോടും പ്രശ്നം കൈകാര്യംചെയ്യാൻ സാധിക്കണം.
നമ്മുടെ പരിധിക്കപ്പുറമാണ് കാര്യങ്ങളെങ്കിൽ ലഹരിയുടെ അടിമത്വത്തിൽനിന്ന് അവരെ അകറ്റുന്നതിനുള്ള കൗൺസലിങ്ങ് ഉൾപ്പടെയുള്ളവ ചെയ്ത് അവരെ ശരിയായ മാർഗത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.