അറോയ ക്രൂസ് കപ്പൽ കഴിഞ്ഞദിവസം യാംബു വാണിജ്യ തുറമുഖത്തെത്തിയപ്പോൾ

സൗദിയിൽ ആഢംബര കപ്പൽ വിനോദയാത്ര സീസണ് തുടക്കം

യാംബു: സൗദിയിൽ ആഢംബര കപ്പൽ വിനോദസഞ്ചാര​ (ക്രൂസ് കപ്പൽ) സീസണ് തുടക്കമായി. ആദ്യ അറബ് ക്രൂസ് ലൈൻ കമ്പനിയുടെ ‘അറോയ ക്രൂസ് കപ്പൽ’ ചെറിയ ഇടവേളക്ക്​ ശേഷം പുതിയ യാത്രക്ക്​ പുറപ്പെട്ടു. ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തുനിന്ന് വിനോദ സഞ്ചാരികളുമായി യാംബു ടൗണിലെ വാണിജ്യ തുറമുഖത്ത്​ കഴിഞ്ഞ ദിവസം കപ്പലെത്തി. സൗദി പബ്ലിക് ഇൻവെസ്​റ്റ്​മെന്റ്​ ഫണ്ടി​ന്റെ പൂർണ ഉടമസ്ഥതയിലുള്ള അറോയ ക്രൂസ് ആഗോള ടൂറിസം മേഖലയിൽ സൗദിയുടെ മികവുറ്റ സാന്നിധ്യമായി ഇതിനകം മാറിയിട്ടുണ്ട്.

പുതിയ സീസണിൽ യാത്രക്കാരെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങൾ സജ്ജമായി. ജിദ്ദയിൽനിന്ന്​ യാംബുവിലേക്കും അവിടെനിന്ന്​ തിരിച്ച്​ ജിദ്ദയിലേക്കും മൂന്ന്​ രാത്രികൾ നീളുന്ന യാത്രയാണ്​ പ്രധാന ട്രിപ്പ്​. ഈ യാത്രയിൽ ഒരാൾക്ക് 1,299 റിയാൽ നിരക്കിലുള്ള പാക്കേജുകളാണുള്ളത്​. ഓൺലൈൻ വഴി സീറ്റ് ബുക്ക് ചെയ്യാൻ കഴിയും. ചെങ്കടലിലെ ദ്വീപുകളും പവിഴപ്പുറ്റുകളും കാണാൻ അവസരമുണ്ടാക്കുന്ന യാത്ര രാജ്യത്തിനകത്തുള്ളവർക്കും പുറത്തുള്ളവർക്കും വേറിട്ട അനുഭവമായിരിക്കും.

3,362 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലിൽ 19 ഡെക്കുകളും 1,678 കാബിനുകളും സ്യൂട്ടുകളും ഉണ്ട്. കുട്ടികൾക്ക് ഉല്ലസിക്കാൻ 1,800 ചതുരശ്ര മീറ്റർ ഏരിയ കപ്പലിൽ ഒരുക്കിയിട്ടുണ്ട്. 1,018 ഇരിപ്പിട ശേഷിയുള്ള ഒരു തിയറ്റർ കപ്പലിലുണ്ട്​. ആറ് മുതൽ ഏഴ് വരെ രാത്രി യാത്രാ സൗകര്യങ്ങളോടെയാണ് ക്രൂസ് സഞ്ചാരം തുടരുന്നത്. ഷോപ്പിങ് ഏരിയ, പ്രാർഥനയിടങ്ങൾ, സ്ത്രീകൾക്കുള്ള പ്രത്യേക സ്ഥലങ്ങൾ, നടപ്പാത, ഫുട്‌ബാൾ കോർട്ട്, ബാസ്‌കറ്റ്‌ബാൾ കോർട്ട് തുടങ്ങി വിപുലമായ കായിക സൗകര്യങ്ങൾക്കൊപ്പം ആരോഗ്യ, വിനോദ സൗകര്യങ്ങളുമുണ്ട്.

12 റസ്​റ്റാറൻറുകളും 17 കഫേകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. അഞ്ച് വൻകരകളിലെ ആളുകൾ ഇഷ്​ടപ്പെടുന്ന രുചിവൈവിധ്യമുള്ള ഭക്ഷണ സാധനങ്ങൾ കപ്പലിൽ ലഭ്യമാണ്. അറേബ്യൻ ആതിഥ്യ മര്യാദകൾ ആധുനിക ആഢംബരവുമായി സംയോജിപ്പിച്ച് പുതിയ കണ്ടെത്തലുകളുടെ ലോകത്തേക്കുള്ള ഒരു കവാടം ഒരുക്കുകയാണ് ക്രൂസ് യാത്രയെന്ന് അറോയ മാർക്കറ്റിങ് ആൻഡ്​ കോർപറേറ്റ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ടർക്കി കാരി പറഞ്ഞു.

2035ഓടെ 13 ലക്ഷം യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള ക്രൂയിസ് ഡെസ്​റ്റിനേഷൻ എന്ന നിലയിൽ രാജ്യത്തി​ന്റെ സ്ഥാനം വർധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ ഇപ്പോൾ നടപ്പാക്കി വരികയാണ്. അറോയ ക്രൂസ് സൗദി ടൂറിസത്തിലെ ഏറ്റവും വലിയ യാത്രാനുഭവം സമ്മാനിക്കുമെന്ന് ടൂറിസം അതോറിറ്റി അറിയിച്ചു. ചെങ്കടലിൽനിന്ന് മെഡിറ്ററേനിയൻ കടലിലേക്കും യു.എ.ഇ, ബഹ്‌റൈൻ, തുർക്കിയ, ഗ്രീക്ക് തലസ്ഥാനമായ ഏഥൻസ്, ഗ്രീക്ക് ദ്വീപുകളായ മൈക്കോണോസ്, സൗദ ബേ, ബോഡ്രം എന്നിവിടങ്ങളിലേക്കും പുതിയ റൂട്ടുകൾ വാഗ്ദാനം ചെയ്തുകൊണ്ട് അറോയ ക്രൂസ് ലൈൻ യാത്രാപദ്ധതികൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Luxury cruise season begins in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.