ലബനാൻ പ്രസിഡന്റ്
ജോസഫ് ഔൺ
റിയാദ്: അറബ് മേഖലയിൽ സമാധാനം കൈവരിക്കുന്നതിനായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിവരുന്ന ശ്രമങ്ങളെ ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ പ്രശംസിച്ചു. ഫലസ്തീൻ പ്രശ്നത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്നതിനായി സൗദിയും ഫ്രാൻസും സ്പോൺസർ ചെയ്ത സമ്മേളനം ഇതിൽ ഉൾപ്പെടുന്നു. അർഹരായവർക്ക് അവകാശങ്ങൾ നൽകുന്നതിനെ അടിസ്ഥാനമാക്കിയുള്ള അറബ് സമാധാന സംരംഭത്തെ ലബനാൻ പിന്തുണക്കുന്നുണ്ടെന്നും ഔൺ പറഞ്ഞു. അൽഅറബിയ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ലബനാൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
ലബനാനിലെ പ്രസിഡന്റ് ശൂന്യത അവസാനിപ്പിക്കുന്നതിൽ സൗദി പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും നിരവധി മേഖലകളിൽ പിന്തുണ നൽകുന്നുണ്ടെന്നും ഔൺ പറഞ്ഞു. കിരീടാവകാശിയുടെ ശ്രമങ്ങൾക്കും ലബനാനിലും മേഖലയിലും പൊതുവെയുള്ള അദ്ദേഹത്തിന്റെ താൽപര്യത്തിനും നന്ദിയും അഭിനന്ദനവും അറിയിച്ചു. ലബനാൻ സൗദിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. അതിന്റെ സ്ഥിതിഗതികൾ പുനരുജ്ജീവിപ്പിക്കുന്നതിൽ സൗദിയുടെ പങ്ക് പ്രതീക്ഷിക്കുന്നു.
സിറിയയും ലബനാനും തമ്മിലുള്ള ഏകോപനവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ സൗദിയുടെ ശ്രമങ്ങൾക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ യോഗം സ്പോൺസർ ചെയ്തതിനും ഔൺ നന്ദി പ്രകടിപ്പിച്ചു. സിറിയയും ലബനാനും തമ്മിലുള്ള ബന്ധം ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി ഒരു സിറിയൻ ഉദ്യോഗസ്ഥന്റെ വരവിനായി തങ്ങൾ കാത്തിരിക്കുന്നതായി ഔൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.