ജിദ്ദ: െഗയിൽ പദ്ധതിയിൽ അവ്യക്തതകൾ ബാക്കിയുണ്ടെന്ന് മുൻ വ്യവസായമന്ത്രിയും ലോക് സഭാമെമ്പറുമായ പി.കെ കുഞ്ഞാലിക്കുട്ടി. കൊച്ചിയിൽ പദ്ധതി നടപ്പാക്കിയത് തൃപ്തികരമായ രീതിയിലല്ലായിരുന്നു. അന്നേ അവ്യക്തതയുണ്ടായിരുന്നു. അവിടെ എം.എൽ.എ മാർ ഏല്ലാവരും ഒരുപാട് സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. എന്നിട്ടും തൃപതികരമായിരുന്നില്ല ഗെയിലിെൻറ പ്രവർത്തനം. ജനവാസ കേന്ദ്രത്തിൽ കൂടി പൈപ്ലൈൻ പോവാൻ പറ്റില്ല എന്ന് തന്നെയാണ് അന്നത്തെയും ഇന്നത്തെയും തെൻറയും പാർട്ടിയുടെയും നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉംറ നിർവഹിക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
താൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ജനവാസകേന്ദ്രങ്ങളിലൂടെയുള്ള പൈപ്ലൈൻ റൂട്ട് ഒഴിവാക്കിത്തരണമെന്ന് ഗെയിൽ കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അങ്ങിനെ ഒരു കത്ത് ലഭിച്ചതായി അറിയില്ല. അതൊക്കെ ഗയിൽ പറയുന്ന കാര്യങ്ങളല്ലേ. അവർക്ക് അതങ്ങ് ചെയ്താൽ മതിയായിരുന്നല്ലോ. എന്തു വിലകൊടുത്തും ഗെയിൽ പദ്ധതി നടപ്പിലാക്കണം എന്ന സമീപനം ഞങ്ങൾക്കില്ലായിരുന്നു. അതേ സമയം പദ്ധതിക്ക് എതിരല്ലായിരുന്നു.
സർക്കാറിെൻറ വാശിക്ക് മുന്നിൽ ജനങ്ങൾ തോൽക്കുന്ന അവസ്ഥയിൽ എന്തുകൊണ്ട് മുസ്ലീം ലീഗോ യു.ഡി.എഫോ സമരം ഏറ്റെടുക്കുന്നില്ലെന്ന ചോദ്യത്തിന് ഇൗ വിഷയത്തിൽ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അറിയില്ലെന്നായിരുന്നു മറുപടി. നാട്ടിൽ ചെന്ന ശേഷം കൂട്ടായ ചർച്ചയിലൂടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ എല്ലാ തെളിവുകളും പുറത്തു വന്ന സാഹചര്യത്തിൽ തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിച്ചു കൂടാ എന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അദ്ദേഹം രാജി വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സോളാർ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ വന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്ത് നിയമോപദേശം ഉണ്ടായിട്ടും കാര്യമില്ല. ആരാണ് പരാതിയുമായി വന്നത് എന്ന് ജനങ്ങൾക്ക് നല്ല പോലെ അറിയാം. ഇടതുമുന്നണിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നായി സോളാറിെൻറ പേരിൽ ഉമ്മൻചാണ്ടിക്കെതിരെയുള്ള നീക്കം മാറും. അതൊരു ‘വീക് വിക്കറ്റാ’യി മാറും. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മ മുൻകാലത്തേക്കാൾ വ്യവസ്ഥാപിതമായി മുന്നോട്ട് പോവുന്നുണ്ട്. ഗുജറാത്തിലടക്കം വളരെ കൗശലത്തോടു കൂടിയുള്ള നീക്കമാണ് നടക്കുന്നത്. പലപ്പോഴും കൂട്ടായ്മയിൽ കൂടാത്ത ഏക മതേതരപാർട്ടി സി.പി.എം മാത്രമാണ്. ബാക്കിയെല്ലാവരുടെയും വോട്ട് ഏകീകരിക്കുക എന്ന വലിയ യജഞം നടക്കുന്നുണ്ട്. വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.