മോണ്ടിനെഗ്രോയിലെ സിവിൽ സൊസൈറ്റി സംഘടനയുമായി കെ.എസ്. റിലീഫ് അസിസ്റ്റന്റ് സൂപ്പർവൈസർ ജനറൽ അഹ്മദ് ബിൻ അലി അൽ ബൈസ് കരാറിൽ ഒപ്പുവെച്ചപ്പോൾ
യാംബു: സൗദി സഹായ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്റർ (കെ.എസ് റിലീഫ്) അനാഥകളെ പരിചരിക്കാൻ സംയുക്ത പദ്ധതിയിൽ ഒപ്പുവെച്ചു. യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോയിലെ ഒരു സിവിൽ സൊസൈറ്റി സംഘടനയുമായി സംയുക്ത എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ കോൺഫറൻസ് കാൾ വഴിയാണ് കെ.എസ്. റിലീഫ് കരാർ ഉറപ്പിച്ചത്.
മോണ്ടിനെഗ്രോയിലെ 400 ലധികം അനാഥരെ സഹായിക്കാൻ പദ്ധതി വഴി സാധിക്കും. ജീവിതചിലവുകൾ വഹിക്കുന്നതിനായി ഓരോ അനാഥനും പ്രതിമാസം 60 ഡോളർ നൽകാനും പദ്ധതി ലക്ഷ്യം വെക്കുന്നു. കരാറിൽ കെ.എസ് റിലീഫിലെ ഓപറേഷൻസ് ആൻഡ് പ്രോഗ്രാമുകൾക്കായുള്ള അസിസ്റ്റന്റ് സൂപ്പർവൈസർ ജനറലായ അഹ്മദ് ബിൻ അലി അൽ ബൈസും മോണ്ടിനെഗ്രോയിലെ ഇസ്ലാമിക് ഷെയ്ഖ്ഡം പ്രസിഡന്റും ഗ്രാൻഡ് മുഫ്തിയുമായ റിഫാത്ത് വിസിക്കും തമ്മിലാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
കരാറിന്റെ ഭാഗമായി, നിരവധി വിനോദ, സാമൂഹിക പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ അവരെ പിന്തുണക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണ നൽകുന്നതിന് പുറമേ, ജീവിതചിലവുകൾ വഹിക്കുന്നതിനായി ഓരോ അനാഥനും പ്രതിമാസം പെൻഷൻ നൽകുന്നതിനും പദ്ധതി വഴി സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
അനാഥരുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ സുരക്ഷക്ക് സംഭാവന നൽകുക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നു. രാജ്യത്തെ 13 പ്രദേശത്തെ അനാഥകൾക്ക് പദ്ധതി ഫലം ചെയ്യും. മോണ്ടിനെഗ്രോയിലെ അനാഥരെ പിന്തുണക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സൗദിയുടെ മാനുഷിക, ദുരിതാശ്വാസ പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമാണിതെന്ന് കെ.എസ്. റിലീഫ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.