വിവിധ രാജ്യങ്ങളിൽ കെ.എസ് റിലീഫ് നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം
യാംബു: റമദാൻ പ്രമാണിച്ച് സൗദി അറേബ്യ വിവിധ രാജ്യങ്ങളിലെ ആവശ്യക്കാർക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നത് തുടരുന്നു. ബംഗ്ലാദേശ്, ഛാദ്, നൈജീരിയ, ലബനാൻ, സോമാലിയ എന്നിവിടങ്ങളിലാണ് റമദാൻ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതെന്ന് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) അധികൃതർ അറിയിച്ചു. വിവിധ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകളുടെ വിതരണപദ്ധതിയാണ് പുരോഗമിക്കുന്നത്.
റമദാൻ പദ്ധതി വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ബംഗ്ലാദേശിൽ ആറു ടണ്ണിലധികം ഭക്ഷണം വിതരണം ചെയ്തു. ഛാദിലെ എൻജമേന നഗരത്തിൽ 10 ടൺ 400 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും നൈജീരിയയിൽ 23.56 ടൺ ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്തു. ഈ വർഷത്തെ റമദാൻ പദ്ധതി വഴി ലബനാനിലെ ഫലസ്തീൻ, സിറിയൻ അഭയാർഥികൾക്ക് 2324 ഭക്ഷ്യസഹായ പാക്കേജുകളും വിതരണംചെയ്തു.
11,620 വ്യക്തികൾക്ക് റമദാൻ പദ്ധതിയുടെ പ്രയോജനം കിട്ടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. സോമാലിയയിലെ പോഷകാഹാരക്കുറവ് മൂലം വിളർച്ച ബാധിച്ച 5100 ആളുകൾക്ക് അതിനനുസൃതമായ ഭക്ഷ്യവസ്തുക്കൾ നൽകി. വിളർച്ച ബാധിച്ചവർക്ക് ഭക്ഷ്യസുരക്ഷയിൽ ജീവൻരക്ഷാ ഇടപെടലുകൾ നൽകുന്നതിനുള്ള സോമാലിയയുടെ മൂന്നാംഘട്ട പരിപാടിക്കുള്ള പിന്തുണയുടെ ഭാഗമാണ് ഈ സഹായം. വിളർച്ച ബാധിച്ച ആളുകൾക്ക് ഇതുവരെ 4620 ടൺ ഭക്ഷ്യവിഭവങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.