റിയാദ്: സൗദി അറേബ്യയിൽ ശക്തമായ കോവിഡ് 19 പ്രതിരോധ നടപടികൾക്ക് ഒരു മാസം പിന്നിടുന്നു. രാജ്യത്തെ ആദ്യ കോവിഡ് സ്ഥിരീകരണത്തിന് നാളെ ഒരു മാസം തികയും. ഇറാൻ സന്ദർശിച്ച് തിരിച്ചെത്തിയ കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശിക്ക് രോഗം കണ്ടെത്തിയത് മാർച്ച് രണ്ടിനായിരുന്നു. തുടർന്ന് കർശന നിയന്ത്രണങ്ങൾക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. എന്നാൽ നിയന്ത്രണങ്ങൾ ഫെബ്രുവരി 27ന് വിദേശ ഉംറ തീർഥാടകരെയും ടൂറിസ്റ്റുകളെയും വിലക്കിയ നടപടിയോടെ ആരംഭിച്ചിരുന്നു. മാർച്ച് നാലിന് ആഭ്യന്തര ഉംറ തീർഥാടകരെയും മദീന സന്ദർശകരെയും വിലക്കി. അതിെൻറ തലേന്ന് ഖത്വീഫ് മേഖലയിലേക്കുള്ള പ്രവേശന മാർഗങ്ങൾ അടച്ചു. ജി.സി.സി രാജ്യങ്ങളുമായുള്ള റോഡ് ഗതാഗതം നിർത്തുന്നത് മാർച്ച് ഏഴിനാണ്. അടുത്ത ദിവസം മുതൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. മാർച്ച് 14ന് രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തലാക്കി. 18ന് മക്ക, മദീന ഹറമുകളിൽ ഒഴികെ രാജ്യത്തെ മുഴുവൻ പള്ളികളിലും ജുമാഅ്, ജമാഅത്ത് നമസ്കാരങ്ങൾ വിലക്കി. പള്ളിയിൽ നിന്ന് ബാങ്കുവിളി മാത്രം.
21ന് 14 ദിവസത്തേക്ക് ആഭ്യന്തര വിമാന, ബസ്, ട്രെയിൻ, ടാക്സി സർവിസുകൾ നിർത്തിവെച്ചു. 23ന് 21 ദിവസ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി രാജ്യം സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങി. വൈകീട്ട് ഏഴു മുതൽ പിറ്റേ ദിവസം രാവിലെ ആറു വരെയുള്ള 11 മണിക്കൂർ നിരോധനാജ്ഞ പിന്നീട് മക്ക, മദീന, റിയാദ്, ജിദ്ദ എന്നീ നഗരപരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പിച്ചു. കർഫ്യൂ ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴയും രണ്ടാം തവണ ഇരട്ടി പിഴയും മൂന്നാം തവണ ജയിൽ ശിക്ഷയുമാണ്. 29ന് വിമാന സർവിസ് ഉൾപ്പെടെ മുഴുവൻ ഗതാഗതവും പൊതു അവധിയും അനിശ്ചിത കാലത്തേക്ക് നീട്ടി ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങൾ ഒഴികെ മുഴുവൻ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റ്, ഗ്രോസറി, ഫാർമസി, ആശുപത്രികൾ തുടങ്ങിയവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞുകിടക്കുന്നത് തുടരും. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും കോൺസലർ സേവനങ്ങൾ നിർത്തിവെച്ച നടപടിയും തുടരും. ഇൗ കാലയളവിൽ കാലാവധി കഴിയുന്ന ഇഖാമ, എക്സിറ്റ് / എൻട്രി, ഫൈനൽ എക്സിറ്റ് വിസ എന്നിവകളുടെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടി നൽകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.