റിയാദ്: കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിൽ നടക്കുന്ന സാമൂഹിക സുരക്ഷ പദ്ധതിയുടെ അടുത്ത വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ വെള്ളിയാഴ്ച അവസാനിച്ചതായി കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയയും ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും അറിയിച്ചു. പ്രവാസി സമൂഹത്തിൽനിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചതെന്നും ആയിരക്കണക്കിന് പേർ ഇതിനകം ചേർന്നതായും അവർ പറഞ്ഞു. നിലവിൽ അംഗങ്ങളായവർക്ക് പദ്ധതി പുതുക്കാനും പുതുതായി പ്രവാസികളെ ചേർക്കാനുമുള്ള സംവിധാനം വെബ്സൈറ്റ് വഴി ഏർപ്പെടുത്തിയിരുന്നു.
നിലവിലുള്ളവർ അംഗത്വം പുതുക്കിയാൽ ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയാണ് അംഗത്വ കാലാവധി. പുതുതായി ചേരുന്നവരുടെ അംഗത്വം മാർച്ച് ഒന്ന് മുതലായിരിക്കും പ്രാബല്യത്തിൽ വരുക. 2020 വർഷം മുതൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയ മുൻ പ്രവാസികൾക്ക് പദ്ധതിയിൽ അംഗങ്ങളായി ചേരാൻ അവസരം നൽകി. ഈ പദ്ധതിയിൽ സൗദിയിൽ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും തുടർച്ചയായി അംഗമായവർക്കാണ് നാട്ടിൽനിന്ന് ചേരാൻ സാധിക്കുക.
കൂടാതെ കെ.എം.സി.സിയുടെ 36 സെൻട്രൽ കമ്മിറ്റികൾ വഴിയും പ്രവാസികൾക്ക് അംഗത്വം നൽകാനുള്ള കാമ്പയിൻ നടന്നിരുന്നു. സൗദിയിലുള്ള പ്രവാസികൾക്കും നേരത്തേ ഈ പദ്ധതിയിൽ തുടർച്ചയായ വർഷങ്ങളിൽ അംഗങ്ങളായി പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയവർക്കും പദ്ധതിയിൽ അംഗങ്ങളാകാൻ അവസരമുണ്ട്.
കഴിഞ്ഞ 10 വർഷത്തോളമായി കോഴിക്കോട് ആസ്ഥാനമായി വ്യവസ്ഥാപിതമായി നടന്നുവരുന്ന ഈ പദ്ധതിക്ക് പ്രവാസി സമൂഹത്തിനിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 10 വർഷത്തിനകം ഈ പദ്ധതിയിൽ അംഗങ്ങളായ അഞ്ഞൂറിലധികം പേർ വിവിധ കാരണങ്ങളാൽ മരണപ്പെടുകയുണ്ടായി. ഇവരുടെ അനാഥരായ കുടുംബങ്ങൾക്ക് താങ്ങും തണലുമാകാൻ ഈ പദ്ധതിക്കായെന്ന് ഭാരവാഹികൾ അറിയിച്ചു. അതുകൊണ്ട് തന്നെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജാതിമത ഭേദമന്യേ പ്രവാസികൾക്കിടയിൽ കെ.എം.സി.സിയുടെ സുരക്ഷ പദ്ധതിക്ക് വലിയ പ്രചാരണമാണുണ്ടായത്. നിയമ വിധേയമായുള്ള ട്രസ്റ്റിന് കീഴിൽ പരാതികള്‍ക്ക് ഇടം നല്‍കാതെ, കൃത്യവും സുതാര്യവും സമയബന്ധിതവുമായാണ് പദ്ധതിയുടെ പ്രയാണം. mykmcc.org എന്ന വെബ്സൈറ്റിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാണെന്ന് ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള, സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.