അസ്ലം നാട്ടിലേക്ക് മടങ്ങും മുമ്പ് റിയാദ് കെ.എം.സി.സി വയനാട് ജില്ലാകമ്മിറ്റി ഭാരവാഹികളോടൊപ്പം
റിയാദ്: തൊഴിലിടത്തിലെ കടുത്ത പ്രയാസങ്ങളെ തുടർന്ന് പ്രതിസന്ധിയിലാവുകയും ആരോഗ്യനില വഷളാവുകയും ചെയ്ത വയനാട് കമ്പളക്കാട് സ്വദേശിയായ അസ്‌ലമിന് ആശ്വാസമേകി റിയാദ് കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി. രണ്ട് വർഷം മുമ്പ് പ്രമുഖ വാട്ടർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ജോലിക്ക് എത്തിയതായിരുന്നു അസ്‌ലം. എന്നാൽ തൊഴിലിടത്തിലെ കഠിന സാഹചര്യങ്ങൾ കാരണം ലേബർ കോടതിയെ സമീപിക്കേണ്ടി വരികയും കോടതിവിധി അനുകൂലമാകാതിരുന്നതോടെ പിന്നീട് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു.
ഇതിനിടെ പ്രമേഹം മൂർച്ഛിച്ച് ആരോഗ്യസ്ഥിതി വഷളായി. നിയമക്കുരുക്കുകൾ കാരണം നാട്ടിലേക്ക് മടങ്ങാൻ ഭീമമായ തുക പിഴയടക്കേണ്ട സാഹചര്യവുമുണ്ടായി. ഈ ഘട്ടത്തിലാണ് കെ.എം.സി.സി വിഷയത്തിൽ ഇടപെടുന്നത്. കെ.എം.സി.സി ഭാരവാഹികൾ അസ്‌ലമിന് നാട്ടിൽ പോകാനുള്ള രേഖകൾ ശരിയാക്കുകയും, പിഴത്തുക അടക്കുകയും ചെയ്തു. തുടർന്ന് തർഹീൽ വഴി എക്സിറ്റ് ലഭ്യമാക്കി കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിട്ടു. നാട്ടിൽ തുടർചികിത്സക്കായി അസ്‌ലമിനെ വയനാട് വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ല ഭാരവാഹികളായ അലി ബത്തേരി, നാസർ വാകേരി, സുധീർ ചൂരൽമല, ജില്ലാ കെ.എം.സി.സിയുടെ വെൽഫയർ വിങ് ഭാരവാഹികളായ ആബിദ് പറളിക്കുന്ന്, ദഖ്വാൻ കരണി, സലാം മേപ്പാടി, അഷ്‌റഫ് മാണ്ടാട്, ഷഹീർ ബത്തേരി, ജാഫർ വൈത്തിരി, ജാസിർ, അബ്ദുല്ല പൊഴുതന, പ്ലീസ് ഇന്ത്യ ഭാരവാഹി ലത്തീഫ് തെച്ചി എന്നിവർ സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.