റിയാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ അപകടം ഏറെ വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ഇരുവരും അനുശോനക്കുറിപ്പിൽ പറഞ്ഞു.
നിരവധി ജീവനുകൾ പൊലിഞ്ഞ അപകടത്തിൽ അനുശോചിച്ചും ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേർന്നും സൽമാൻ രാജാവും കിരീടാവകാശിയും ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി മുർമുവിന് അനുശോചന സന്ദേശങ്ങൾ അയച്ചു.
ഇന്ത്യയിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ ഇന്ത്യൻ യാത്രാവിമാനം താമസകെട്ടിടത്തിന് മുകളിൽ തകർന്നുവീണ വാർത്ത ഞങ്ങൾ അറിഞ്ഞുവെന്നും ഇത് ധാരാളമാളുകളുടെ മരണത്തിനും പരിക്കുകൾക്കും കാരണമായെന്നും ഇരു സന്ദേശങ്ങളിലും പറഞ്ഞു. ഈ ദുരന്തത്തിൽ നിങ്ങളുടെ ദുഃഖത്തിൽ ചേരുന്നു. ഇന്ത്യൻ പ്രസിഡൻറിനും മരിച്ചവരുടെ കുടുംബങ്ങൾക്കും സൗഹൃദ ജനതക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശിക്കുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.