റിയാദ്: ലോകത്തിലെ ഏറ്റവും അഭിമാനകരമായ പുരസ്കാരങ്ങളിൽ ഒന്നായ കിങ് ഫൈസൽ അന്താരാഷ്ട്ര പുരസ്കാരത്തിന്റെ 2026ലെ ജേതാക്കളെ ബുധനാഴ്ച റിയാദിൽ പ്രഖ്യാപിക്കും.ഇസ്‌ലാമിക പഠനം, അറബി ഭാഷയും സാഹിത്യവും, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലെ ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി പ്രത്യേക സെലക്ഷൻ കമ്മിറ്റികൾ റിയാദിലെ പുരസ്കാര ആസ്ഥാനത്ത് യോഗം ചേരുകയാണ്.
അമീർ തുർക്കി ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസിെൻറ നേതൃത്വത്തിലുള്ള സമിതിയാണ് ‘ഇസ്‌ലാമിനായുള്ള സേവനം’ എന്ന വിഭാഗത്തിലെ പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നത്.പുരസ്കാരത്തിന്റെ 48ാം സെഷനിൽ ഏറെ ശ്രദ്ധേയമായ വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഇസ്‌ലാമിക പഠനവിഭാഗത്തിൽ ‘ഇസ്‌ലാമിക ലോകത്തെ വ്യാപാര പാതകൾ’ എന്ന വിഷയവും അറബി ഭാഷാസാഹിത്യത്തിൽ ‘ഫ്രഞ്ച് ഭാഷയിലെ അറബി സാഹിത്യവും’ ആണ് ഇത്തവണത്തെ ചർച്ചാവിഷയങ്ങൾ.
വൈദ്യശാസ്ത്ര രംഗത്ത് ‘അമിതവണ്ണ ചികിത്സയിലെ വിപ്ലവകരമായ കണ്ടെത്തലുകളെയും’ ശാസ്ത്ര വിഭാഗത്തിൽ ‘ഗണിതശാസ്ത്രത്തിലെ’ മികവിനെയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ലോകമെമ്പാടുമുള്ള സർവകലാശാലകളിൽനിന്നും ഗവേഷണ കേന്ദ്രങ്ങളിൽനിന്നും ലഭിച്ച നാമനിർദേശങ്ങൾ അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സമിതി അതീവ സുതാര്യതയോടെയാണ് വിലയിരുത്തുന്നത്.
മനുഷ്യരാശിയുടെ പുരോഗതിക്കും വിജ്ഞാന വ്യാപനത്തിനും നിസ്തുല സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരങ്ങൾ നൽകിവരുന്നത്. ഇസ്‌ലാമിക സമൂഹത്തിന് ബൗദ്ധികമായോ ശാസ്ത്രീയമായോ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന വ്യക്തികൾക്കാണ് ‘സർവിസ് ടു ഇസ്‌ലാം’ പുരസ്കാരം നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പണ്ഡിതന്മാരും ശാസ്ത്രജ്ഞരും ഈ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുചേരുന്നുണ്ട്. മാനവരാശിയുടെ വളർച്ചക്ക് കരുത്തേകുന്ന പുതിയ കണ്ടെത്തലുകളെയും സേവനങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള വേദിയായി ഈ വർഷത്തെ പ്രഖ്യാപനവും മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.