റിയാദ്: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക ഓപ്പറേഷൻ റൂം സജ്ജമാക്കുന്നു. നിലവിലുള്ള സംവിധാനങ്ങൾ പരിഷ്കരിച്ച് കൂടുതൽ കരുത്തുറ്റതാക്കുന്നതിെൻറ ഭാഗമായി, കോസ്‌വേയുടെ സൗദി ഭാഗത്ത് സംയോജിത ഓപ്പറേഷൻ സെൻറർ സ്ഥാപിക്കാനാണ് കിങ് ഫഹദ് കോസ്‌വേ അതോറിറ്റിയുടെ തീരുമാനം.
സൗദി ഭാഗത്തെ എസ്‌എ-01 കെട്ടിടത്തിെൻറ ലോബിയിൽ പ്രവർത്തിക്കുന്ന നിലവിലെ സെൻട്രൽ ഓപ്പറേഷൻസ് സെൻ്റർ മാറ്റിസ്ഥാപിക്കും. ഇതിന് പകരമായി അതിനോട് ചേർന്നുള്ള 'ലോഞ്ച്' ഏരിയയിലാണ് പുതിയ ഓപ്പറേഷൻ റൂം നിർമ്മിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിപുലമായ സിവിൽ നിർമ്മാണ ജോലികൾക്കൊപ്പം ആധുനിക ഇലക്ട്രോ മെക്കാനിക്കൽ സംവിധാനങ്ങളും ഇവിടെ ഒരുക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫർണിച്ചറുകളും അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചായിരിക്കും നിർമ്മാണം പൂർത്തിയാക്കുക.
24 മണിക്കൂറും തടസ്സമില്ലാത്ത നിരീക്ഷണവും പ്രവർത്തന ഏകോപനവും ഉറപ്പാക്കുക, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹനങ്ങളുടെയും ചരക്കുനീക്കത്തിെൻറയും സുഗമമായ ഒഴുക്ക് ഉറപ്പാക്കുക, കോസ്‌വേയിലെ സൗകര്യങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ച് പ്രവർത്തനക്ഷമത ഉയർത്തുക.
കോസ്‌വേയുടെ മാനേജ്‌മെൻ്റ്, പ്രവർത്തനം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് പുറമെ ടോൾ പിരിവും അതോറിറ്റിയുടെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. യാത്രാ തിരക്ക് കൃത്യമായി വിശകലനം ചെയ്ത് നടപടിക്രമങ്ങൾ ലഘൂകരിക്കാനും പ്രവർത്തനശേഷി വർദ്ധിപ്പിക്കാനുമുള്ള നടപടികൾ അതോറിറ്റി തുടർച്ചയായി സ്വീകരിച്ചു വരുന്നു. ഇരു രാജ്യങ്ങളിലെയും സർക്കാർ ഏജൻസികളുമായി ഏകോപിച്ച് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനൊപ്പം, കോസ്‌വേയെ ഇരു രാഷ്ട്രങ്ങൾക്കുമിടയിലുള്ള സുപ്രധാന സാമ്പത്തിക-സാമൂഹിക കണ്ണിയായി നിലനിർത്തുന്നതിനുള്ള തന്ത്രപരമായ പദ്ധതികളാണ് അതോറിറ്റി നടപ്പിലാക്കുന്നത്.
1986 ഏപ്രിൽ 13-ന് സൗദി അറേബ്യയും ബഹ്‌റൈനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ കരാറിെൻറ അടിസ്ഥാനത്തിലാണ് കിങ് ഫഹദ് കോസ്‌വേ അതോറിറ്റി രൂപീകരിച്ചത്. റോയൽ ഡിക്രി പ്രകാരം അംഗീകരിക്കപ്പെട്ട ഈ സ്ഥാപനം നിയമപരമായ വ്യക്തിത്വമുള്ള ഒരു സ്വതന്ത്ര ബോഡിയായിട്ടാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.