സംസ്ഥാന രൂപവത്കരണത്തിനുശേഷം രാജ്യത്തിനും ലോകത്തിനും മാതൃകയായ നിരവധി രാഷ്ട്രീയ-ഭരണ പരീക്ഷണങ്ങൾക്ക് സാക്ഷ്യംവഹിച്ച മണ്ണാണ് കേരളം. 1957-ലെ ഒന്നാം കമ്യൂണിസ്റ്റ് സർക്കാർ കാലാവധി പൂർത്തിയാക്കാനാവാതെ പിരിച്ചുവിടപ്പെട്ടെങ്കിലും, സംസ്ഥാനത്തിെൻറ മുന്നോട്ട് പോക്കിന് ശക്തമായ അടിത്തറ പാകി. പിന്നീട് സി.പി.ഐയും കോൺഗ്രസും ചേർന്നുള്ള അച്യുതമേനോൻ സർക്കാറിെൻറ ഏഴ് വർഷത്തെ ഭരണം കേരളത്തിെൻറ മുഖഛായ മാറ്റിയ നിരവധി സംരംഭങ്ങൾക്ക് തുടക്കമിട്ടു. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ കോൺഗ്രസ് പുരോഗമനപരമായ നിലപാടുകൾ പുലർത്തിയതിന് പിന്നിൽ ഈ ചരിത്ര പശ്ചാത്തലമുണ്ട്.
ദേശീയതലത്തിൽ ബി.ജെ.പി ഉയർത്തുന്ന മതാടിസ്ഥാനത്തിലുള്ള നടപടികളെ പ്രതിരോധിക്കാൻ കോൺഗ്രസും ഇടതുപക്ഷവും പ്രാദേശിക കക്ഷികളും കൈകോർക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഒരുകാലത്ത് കോൺഗ്രസ് ‘തൊട്ടുകൂടാത്ത’ പ്രസ്ഥാനമായിരുന്നെങ്കിൽ, ഇന്ന് പല സംസ്ഥാനങ്ങളിലും സി.പി.എം ഉൾപ്പെടെയുള്ള കക്ഷികൾ കോൺഗ്രസിെൻറ തണലിലാണ് നിലകൊള്ളുന്നത്.
കേരളത്തിൽ ഇരുമുന്നണികളും പരസ്പരം മത്സരിക്കുന്ന സാഹചര്യം തുടരുകയാണെങ്കിലും, അവർക്ക് സംഭവിക്കുന്ന വീഴ്ചകൾ മുതലെടുത്ത് ബി.ജെ.പി സംസ്ഥാനത്ത് സ്വാധീനം ഉറപ്പിച്ചു മുന്നേറുന്നു എന്ന യാഥാർഥ്യം വിസ്മരിക്കാനാവില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ വോട്ട് ചോർച്ചയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ സി.പി.എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കെ-റെയിൽ പോലുള്ള വൻകിട പദ്ധതികൾ ജനങ്ങളുടെ മേൽ അടിച്ചേൽപിച്ച് മുന്നോട്ടുപോകാമെന്ന ധാരണയിലെ പിശകുകൾ തിരിച്ചറിയുന്നതിൽ ഇടതുപക്ഷത്തിന് വീഴ്ച പറ്റി. ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചാൽ ജനങ്ങൾ ഒപ്പം നിൽക്കുമെന്ന തെറ്റായ ധാരണയും, കേന്ദ്ര വിദ്യാഭ്യാസ ഫണ്ട് വാങ്ങാൻ നടത്തിയ രഹസ്യനീക്കങ്ങളും പാർട്ടിയുടെ വിശ്വാസ്യത തകർത്തു. ചുരുക്കത്തിൽ, കഴിഞ്ഞ തുടർഭരണ സർക്കാർ ജനങ്ങളിൽ നിന്നും വളരെ അകലെയായിരുന്നു.
ഇനിയെങ്കിലും ജനവികാരം മനസിലാക്കി, ജനപക്ഷത്തുനിന്നുള്ള യു.ഡി.എഫ് സർക്കാറിെൻറ ഭരണനടപടികൾക്ക് ശരിയായ പിന്തുണ നൽകി മുന്നോട്ട് പോയില്ലെങ്കിൽ പ്രതിപക്ഷത്ത് പോലും പരാജയപ്പെടുന്ന അവസ്ഥയിലേക്ക് ഇടതുപക്ഷം മാറും.
അതോടൊപ്പം തന്നെ, അധികാരത്തിലിരിക്കുന്ന ഭരണനേതൃത്വം ജാഗരൂകരായി മുന്നോട്ട് പോകേണ്ടതുണ്ട്. ജനങ്ങളുടെയും പ്രതിപക്ഷത്തിെൻറയും വിശ്വാസം ആർജ്ജിച്ചുകൊണ്ട് ഭരണവുമായി മുന്നോട്ട് പോകാൻ തയാറായാൽ മാത്രമേ കേരളത്തിൽ പുതിയൊരു സൽഭരണ മാതൃക സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.