മക്കയിലെ കഅ്ബാലയത്തിെൻറ ദൃശ്യം
മക്ക: പ്രപഞ്ച നാഥനെ ആരാധിക്കാൻ ഭൂമുഖത്ത് നാലായിരം വർഷം മുമ്പ് പണിത ആദ്യ ദേവാലയമാണ് മക്കയിലെ കഅ്ബാലയം. നാലു തവണ ഈ മന്ദിരം പുതുക്കിപ്പണിതിട്ടുണ്ടെന്നാണ് ചരിത്രം. 400 വർഷം മുമ്പാണ് അവസാനമായി കഅ്ബ പുതുക്കിപ്പണിതത്. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി 12 തവണ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. പ്രവാചകൻ ഇബ്രാഹീമും മകൻ ഇസ്മാഈലുമാണ് ആദ്യമായി കഅ്ബ നിർമിച്ചത്.
പ്രവാചകൻ മുഹമ്മദിെൻറ പ്രവാചക നിയോഗത്തിന് അഞ്ചുവർഷം മുമ്പ് ഖുറൈശികൾ പുനർനിർമാണം നടത്തി. ഹിജ്റ 65ൽ പ്രവാചകെൻറ അനുയായിയായ അബ്ദുല്ലാഹിബിനു സുബൈർ, ഉമവി രാജാവ് അബ്ദുൽ മലിക് മക്ക ഗവർണറായി നിയമിച്ച ഹജ്ജാജുബ്നു യൂസുഫ്, ഹിജ്റ 1040ൽ സുൽത്താൻ മുറാദ് നാലാമൻ എന്നിവരാണ് പിന്നീട് വിവിധ കാലത്ത് കഅ്ബ പുനർനിർമിച്ചത്. ചതുരാകൃതിയിൽ അതിലളിതമായ ഒരു കെട്ടിടമാണ് കഅ്ബ. മക്കയില്‍ കഅ്ബ ഉള്‍പ്പെടുന്ന വിസ്തൃത ദേശത്തെ ഹറം എന്നു വിളിക്കുന്നു. പവിത്രസ്ഥാനം, അഭയകേന്ദ്രം എന്നെല്ലാമാണ് ഇതിനര്‍ഥം. ആധുനിക സൗദി രാഷ്ട്രം നിലവിൽ വന്നശേഷം ഖാലിദ് രാജാവിെൻറ കാലത്താണ് കഅ്ബക്ക് പുതിയ വാതിൽ പണിതത്. ഏകദേശം 280 കിലോ ശുദ്ധ സ്വർണം ഉപയോഗിച്ചാണ് വാതിൽ നിർമിച്ചത്.
ഫഹദ് രാജാവിെൻറ കാലത്ത് കഅ്ബയുടെ സമ്പൂർണ അറ്റകുറ്റപ്പണി നടത്തി. കാലപ്പഴക്കം കാരണം ഉറപ്പ് കുറഞ്ഞിരുന്ന കഅ്ബയുടെ മേൽക്കൂര മാറ്റിപ്പണിതു. 1200 വർഷത്തിലധികം പഴക്കമുണ്ടായിരുന്ന തടികൊണ്ടുള്ള തൂണുകൾ മാറ്റി. ഏത് കാലാവസ്ഥയിലും കെട്ടുറപ്പോടെ നിൽക്കുന്ന പ്രത്യേക തരം തേക്ക് തടി മ്യാന്മറിൽ നിന്ന് എത്തിച്ചാണ് കഅ്ബയുടെ തൂൺ നിർമിച്ചിരിക്കുന്നത്.
കഅ്ബയുടെ നീളം 40 അടിയും (12.1 മീറ്റർ), വീതി 35 അടിയും (10.6 മീറ്റർ), ഉയരം 50 അടിയുമാണ് (15.2 മീറ്റർ). പടിഞ്ഞാറ് വശത്തെ ചുമരിെൻറ നീളം 12.15 മീറ്ററും കിഴക്കുവശത്തെ ചുമരിെൻറ നീളം 11.88 മീറ്ററും തെക്കുവശത്ത് 10.25 മീറ്ററും വടക്കുവശത്ത് 9.92 മീറ്ററുമാണ് കഅ്ബയുടെ ചുറ്റളവ്. കഅ്ബയുടെ നാല് മൂലകൾക്കും വ്യത്യസ്ത പേരുകളാണുള്ളത്. ഹജറുൽ അസ്വദ് സ്ഥാപിച്ചിരിക്കുന്ന തെക്കുകിഴക്കേ മൂല 'അർറുക്നുൽ അസ്വദ്' എന്നും വടക്കുകിഴക്കേ മൂല 'അർറുക്നുൽ ഇറാഖി' എന്നും തെക്കുപടിഞ്ഞാറെ മൂല 'അർറുക്നുൽ യമാനി'യെന്നും വടക്കുപടിഞ്ഞാറെ ഭാഗത്തുള്ള മൂല 'അർറുക്നുൽ ശാമി' എന്നുമാണ് അറിയപ്പെടുന്നത്. നിർമിതിയുടെ നിലവിലെ മനോഹാരിതക്ക് ആക്കം കൂട്ടുന്ന കാലോചിതമായ ചെറിയ അറ്റകുറ്റപ്പണികൾ മാത്രമാണ് കഅ്ബയിൽ ഇപ്പോൾ നടക്കുന്നത്.
കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണ സ്ഥലമാണ് മത്വാഫ്. ഹാജിമാർക്ക് പഴയ കാലത്തെക്കാൾ കൂടുതൽ സൗകര്യങ്ങൾ ഇവിടെ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള വെളുത്ത മാർബിൾ വിശ്വാസികൾ പ്രദക്ഷിണം നടത്തുന്ന തറയിൽ വിരിച്ചിട്ടുണ്ട്. അതു കൊണ്ട് കാലുകൾക്ക് ചൂടേൽക്കാതെ കഅ്ബയെ പ്രദക്ഷിണം (ത്വവാഫ്) ചെയ്യാൻ തീർഥാടകർക്ക് സാധിക്കും.
പഴയകാലത്ത് മത്വാഫിെൻറ വിസ്തീർണം ചുരുങ്ങിയ നിലയിലായിരുന്നു. ഇപ്പോൾ വിസ്തൃതി വളരെ കൂടിയിട്ടുണ്ട്. സംസം കിണറിനു മുകളിലേക്ക് കൂടി മത്വാഫ് നീട്ടിയിട്ടുണ്ട്.
മഖാമു ഇബ്രാഹീമിെൻറ ചുറ്റും പ്രത്യേക കൂടുകെട്ടി വേർതിരിച്ച് ആ ഭാഗം കൂടി മത്വാഫിൽ ഉൾപ്പെടുത്തി. നേരത്തേ ഉണ്ടായിരുന്ന മിംബറും ബനൂശൈബാ കവാടവും നാല് മഖാമുകളും പൊളിച്ചുനീക്കി അതുകൂടി പ്രദക്ഷിണ സ്ഥലമാക്കി. ഇപ്പോൾ മത്വാഫ് ഏകദേശം 8,500 ചതുരശ്ര മീറ്റർ വിശാലമാണ്. 2003നുശേഷം മത്വാഫിെൻറ വിസ്തീർണം 200 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ത്വവാഫ് ആരംഭം കുറിക്കുന്ന ഹജറുൽ അസ്വദിെൻറ ഭാഗം തിരിച്ചറിയുന്നതിന് മത്വാഫിൽ പച്ച ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർക്ക് ത്വവാഫിെൻറ എണ്ണം മനസ്സിലാക്കാൻ ഇതു ഏറെ സഹായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.