റിയാദ്: കേളി കുടുംബവേദി ലോക വനിതാദിനത്തോടനുബന്ധിച്ച് ‘ജ്വാല അവാർഡ് 2024’ വിതരണവും കുട്ടികൾക്കുള്ള മെഗാ ചിത്രരചനാമത്സരവും വിവിധ കലാപരിപാടികളും വെള്ളിയാഴ്ച അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിലറിയിച്ചു. ഈ വർഷത്തെ ജ്വാല അവാർഡിനായി തിരഞ്ഞെടുത്തത് പ്രവാസലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരി സബീന എം. സാലിയെയാണ്. ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. കുട്ടികൾക്കായി നടത്തുന്ന മെഗാ ചിത്രരചനാമത്സരത്തിൽ നാല് മുതൽ ആറ് വരെ, ഏഴ് മുതൽ 10 വരെ, 11 മുതൽ 15 വരെ എന്നിങ്ങനെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ച് മത്സരങ്ങൾ നടക്കും. മൂന്ന് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മൂന്ന്, രണ്ട്, ഒന്ന് ഗ്രാം വീതമുള്ള സ്വർണ നാണയങ്ങളാണ് സമ്മാനമായി നൽകുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ https://forms.gle/dzkvB8N67CvxwNH67 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാം.
കുടുംബവേദിയിലെ വനിതകളും കുട്ടികളും റിയാദിലെ വിവിധ നൃത്തവിദ്യാലയങ്ങളിലെ കലാകാരും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ എഴുത്തുകാരി എ.എം. സെറീന പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ട് മുതൽ റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്. ജ്വാല 2024ന്റെ ഭാഗമായി കുടുംബവേദി ‘സിനിമ കൊട്ടക’ എന്ന പേരില്‍ ഒരു ഫിലിം ക്ലബ് കൂടി രൂപവത്കരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കുകയും അതിന്മേൽ ചർച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, കേരള സർക്കാറിന്റെ മലയാള മിഷൻ ‘മധുരം മലയാളം’ എന്ന പേരിൽ പ്രവാസി കുട്ടികൾക്കായി മലയാളം ക്ലാസുകൾ, മുതിർന്നവർക്കായി സാക്ഷരതാ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചുവരുന്നു. ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വെബിനാറുകൾ, കലാകായിക മത്സരങ്ങൾ, നാടൻ കളികളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള കളിയരങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവയും കുടുംബവേദി സംഘടിപ്പിക്കാറുണ്ട്.
കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ‘ജ്വാല 2023’ന്റെ ഭാഗമായി ആരംഭിച്ച കലാ അക്കാദമി സൗജന്യ പരിശീലനം നൽകിവരുന്നു. അക്കാദമിയിലെ ആദ്യ ബാച്ചിലെ 55 കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ ചിത്രരചന, നൃത്തം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ചിത്രരചനയിൽ വിജില ബിജു, നൃത്തത്തിൽ നേഹ പുഷ്പപരാജ്, ഹെന പുഷ്പപരാജ് എന്നിവരാണ് അധ്യാപകരായുള്ളത്. ജ്വാല 2024 പരിപാടിയുടെ നടത്തിപ്പിനായി വി.എസ്. സജീന കൺവീനറായും സന്ധ്യരാജ് ചെയർപേഴ്സണായും ഗീത ജയരാജ് ട്രഷററായും 101 അംഗ സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പ്രിയ വിനോദ്, സീബാ കൂവോട്, ശ്രീഷ സുകേഷ്, വി.എസ്. സജീന, ജി.പി. വിദ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.