കെ.എം.സി.സി ജുബൈൽ രാഷ്ട്രീയ വിശദീകരണ യോഗം നാഷനൽ കമ്മിറ്റി അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയാകമ്മിറ്റി ‘സമകാലിക കേരളീയ രാഷ്ട്രീയവും സർക്കാർ നിലപാടുകളും’എന്ന തലക്കെട്ടിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. ജനങ്ങളുടെ മേൽ ലിബറലിസം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കും എതിർശബ്ദങ്ങളെ അടിച്ചമർത്താനുമുള്ള പിണറായി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെയായിരുന്നു പരിപാടി.
നാഷനൽ കമ്മിറ്റി അംഗം ഉസ്മാൻ ഒട്ടുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അമീറലി കൊയിലാണ്ടി ‘സമകാലിക വിഷയങ്ങളും സി.പി.എമ്മിന്റെയും സർക്കാരിന്റെയും കാപട്യം’എന്ന വിഷയത്തിൽ സംസാരിച്ചു. മലപ്പുറത്തെ താറടിച്ച് കാണിക്കാൻ പൊലീസ് കേസുകളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നു.
സ്വർണ വേട്ടയുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാട് നാം കണ്ടതാണ്. ഭരണപക്ഷ എം.എൽ.എയുടെ പ്രതികരണം പോലും മുഖവിലക്കെടുക്കുന്നില്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന മാധ്യമപ്രവർത്തകർ പോലും വേട്ടയാടപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജുബൈൽ ആർ.സി ഏരിയ പ്രസിഡന്റ് അർഷദ് ബിൻ ഹംസ സമകാലിക വിഷയങ്ങളിൽ ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തിയും ഇത്തരം വിഷയങ്ങളിൽ എക്കാലത്തും ലീഗ് സ്വീകരിച്ചുപോരുന്ന നിലപാടുകളെ കുറിച്ചും സദസ്സിനോട് സംവദിച്ചു. കൃത്യമായ പഠനങ്ങളൊന്നുമില്ലാതെ വേണ്ടത്ര ചർച്ചകൾക്ക് തയ്യാറാകാതെയാണ് വിദ്യാഭ്യാസ മേഖലകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്.
ജെൻഡർ ന്യൂട്രൽ ആശയത്തെ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചുകടത്താനും ലിംഗനീതിക്കു പകരം ലിംഗ സമത്വം എന്ന ആശയം പ്രചരിപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. കുടുംബ വ്യവസ്ഥകൾ തല്ലിതകർത്ത് മതരഹിത സമൂഹത്തെ ലക്ഷ്യമാക്കുന്ന ലിബറൽ ഫാഷിസത്തെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മിർസബ് റിയാസിന്റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. ജുബൈൽ സിറ്റി ഏരിയ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷിബു കവലയിൽ സംസാരിച്ചു. പ്രഭാഷകർക്കുള്ള സ്നേഹോപഹാരം ഡോ. ഫവാസ്, മുഹമ്മദ് അബൂബക്കർ എന്നിവർ ചേർന്ന് കൈമാറി.
സൈഫുദ്ധീൻ പൊറ്റശ്ശേരി, അഷ്റഫ് മുവാറ്റുപുഴ, നജീബ് നസീർ, ഡോ. ജൗഷീദ്, മുഹമ്മദ് കബീർ സലഫി, കരീം ഖാസിമി, റഷീദ് കൈപാക്കിൽ, നസറുദ്ധീൻ പുനലൂർ, എൻ.പി. റിയാസ്, ശിഹാബ് മങ്ങാടൻ, അബ്ദുൽ റഊഫ്, റഊഫ് മേലേത്ത് എന്നിവർ സന്നിഹിതരായി. ഹബീബ് റഹ്മാൻ, സിറാജ് ചെമ്മാട്, ഇല്യാസ് മൂല്യംകുറിശ്ശി, അബ്ദുൽ സമദ്, അൻവർ സാദത്ത്, ഫിബിൻ പന്തപ്പാടൻ, ജാഫർ താനൂർ, നൗഫൽ കുരിക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിറ്റി ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും മുജീബ് കോടൂർ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.