ജിജോ
ജോസഫ്
ജിജോ ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
ത്വാഇഫ്: കഴിഞ്ഞ മാസം ത്വാഇഫിൽ മരിച്ച തൊടുപുഴ അഞ്ചിരി സ്വദേശി കുട്ടിമാക്കൽ ജിജോ ജോസഫിെൻറ (29) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തിങ്കളാഴ്ച രാവിലെ 11-ന് അഞ്ചിരി സെൻറ് മാർട്ടിൻ ഡി-പോറസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ത്വാഇഫ് അൽഹദ മിലിറ്ററി ആശുപത്രിയിൽ നഴ്സായ ഭാര്യ മീനു ജോസഫിനൊപ്പം താമസിക്കാനായി നാല് മാസം മുമ്പാണ് ജിജോ സൗദിയിൽ എത്തിയത്.
കഴിഞ്ഞ മാസം 27-ന് ത്വാഇഫിലെ താമസസ്ഥലത്തായിരുന്നു വിയോഗം. തുടർന്ന് ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, കെ.എം.സി.സി ത്വാഇഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിലെത്തിച്ച് എംബാമിങ് നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ സഹായത്തോടെ ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിച്ചത്. ജിജോയുടെ സഹോദരൻ ടിൻറു പൗലോസ്, ഒ.ഐ.സി.സി ഗ്ലോബൽ സൗദി ചാപ്റ്റർ പ്രതിനിധി അഷ്റഫ്, ചാർലി ആൻറണി തുടങ്ങിയവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
ജിജോയുടെ ഭാര്യ മീനു ജോസഫും, ദമ്മാമിൽ ജോലി ചെയ്യുന്ന സുഹൃത്ത് അനു ജോസും മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഹിച്ചു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സ്വാലിഹ് നിയമനടപടികൾക്ക് നേതൃത്വം നൽകി. ജിദ്ദ മഹ്ജർ ഫോറൻസിക് സെൻററിലെ നടപടികൾക്കും മറ്റും കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാ തങ്ങൾ, പ്രവർത്തകരായ അഷ്റഫ് താനാളൂർ, ഹമീദ് പെരുവള്ളൂർ, നിയാസ് ബാബ്റിയ്യ, ഷബീർ എന്നിവരും മീനു ജോസഫിെൻറ സഹപ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.