ജിദ്ദ :‘തിരുവനന്തപുരം സ്വദേശി സംഗമ’ത്തിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ ഹറാസാത്തിലെ പാം ഒയാസിസ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ ഓണാഘോഷ പരിപാടികൾ വൈവിധ്യങ്ങളുടെ പുതുമയാൽ ശ്രദ്ധേയമായി. തിരുവനന്തപുരം സ്വദേശി സംഗമം പ്രസിഡന്റ് തരുൺ രത്നാകരൻ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയിലെ അംഗങ്ങൾ അണിനിരന്ന തിരുവാതിരക്കളിയും ഓണപ്പാട്ടും ഓണക്കളികളും വിനോദവിജ്ഞാന പരിപാടികളും ഓണാഘോഷത്തിന്റെ പ്രൗഢിയും തനിമയും പകർന്നുകൊണ്ട് മലയാളി പ്രവാസിസമൂഹം ആഘോഷഭരിതമാക്കി.
നെയ് ബോളിയും മൂന്നുകൂട്ടം പായസവും അടക്കം സംഗമത്തിലെ വനിതാവേദി അംഗങ്ങൾ തിരുവനന്തപുരം തനിമയിൽ തയാറാക്കിയ ഓണസദ്യ ഗൃഹാതുരതയുടെ ഓണരുചി പകർന്നു നൽകി. പതിവിലും വ്യത്യസ്തമായി ചലിക്കുന്ന കണ്ണുകളുള്ള കഥകളി രൂപത്തിൽ തീർത്ത ‘അത്തം’ വേറിട്ട അനുഭവമായി.
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത വിഭാഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. വടംവലി, കസേരക്കളി തുടങ്ങി വൈവിധ്യമാർന്ന വിനോദ പരിപാടികളോടു കൂടി അരങ്ങേറിയ ‘ആർപ്പോ ഇർറോ... ഓണം 2025’ പരിപാടി ആഘോഷത്തിന് മിഴിവേകി.തിരുവനന്തപുരം സ്വദേശി സംഗമം ജനറൽ സെക്രട്ടറി ഷരീഫ് പള്ളിപ്പുറം സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങൾ ഓണാഘോഷ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.