ശ്രദ്ധേയമായി ജിദ്ദ തമിഴ് സംഘം പൊങ്കൽ മഹോത്സവം

ജിദ്ദ: തമിഴ്നാട് സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ ജിദ്ദ തമിഴ് സംഘം (ജെ.ടി.എസ്) പൊങ്കൽ മഹോത്സവം സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ഭാരതീയ കലകളും തമിഴ്നാടിന്റെ പരമ്പരാഗത കലകളും പൊങ്കൽ കാഴ്ചകളും ഒരുക്കിയിരുന്നു. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പ്രശസ്ത പ്രചോദന പ്രഭാഷകൻ രാജ എന്നിവർ മുഖ്യാതിഥികളായിരുന്നു. തമിഴ്നാടിന്റെ പൈതൃക വേഷവിധാനമായ മുണ്ട് ധരിച്ചാണ് കോൺസൽ ജനറൽ ആഘോഷങ്ങൾക്ക് എത്തിയത്. ജെ.ടി.എസ് കോവിഡ് കാലത്ത് പ്രവാസി ഇന്ത്യക്കാർക്കായി നിർവഹിച്ചിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കോൺസൽ ജനറൽ സന്തുഷ്ടി രേഖപ്പെടുത്തി.

 

പുഷ്പ സുരേഷ് ചിട്ടപ്പെടുത്തിയ ഭരതനാട്യം, ധന്യ കിഷോർ ചിട്ടപ്പെടുത്തിയ മുരുകൻ കാട്ടാക്കടയുടെ 'കനൽ പൊട്ടുകൾ’ കവിതയുടെ രംഗാവിഷ്‍കാരം, കീർത്തി ശിവയുടെ നേതൃത്വത്തിലുള്ള നൃത്തം, പൊങ്കലിന്റെ ചരിത്രം പറയുന്ന കുട്ടികളുടെ നൃത്തം, കുട്ടികൾ അവതരിപ്പിച്ച തമിഴ്‌നാട്ടിലെ ജില്ലകളുടെ വികസനങ്ങളും വിഭവങ്ങളും അവതരിപ്പിച്ച ഫ്ലോട്ട് എന്നിവ സദസ്യരുടെ മനം നിറച്ചു. കീർത്തി ശിവ കണ്ണുകൾ മുഴുവനായി മൂടിക്കെട്ടി സദസ്യർ ആവശ്യപ്പെട്ട പുസ്തകത്തിലെ താളുകൾ വായിക്കൽ, വസ്തുക്കളെ തിരിച്ചറിയൽ, സമാനമായ വസ്തുക്കളുടെ നിറങ്ങൾ തിരിച്ചറിയൽ എന്നിവ സദസ്യരുടെ മുക്തകണ്ഠം പ്രശംസ നേടി.

തമിഴ്നാടിന്റെ മധുര പായസമായ പൊങ്കൽ നൽകിയാണ് കാണികളെ സദസ്സിലേക്ക് ആനയിച്ചത്. തമിഴ് പ്രചോദന പ്രസംഗകൻ രാജയുടെ നാട്ടരങ്ങ് കാണികളെ ഹരം കൊള്ളിച്ചു. പൊങ്കൽ ആഘോഷം അരങ്ങേറിയ കോൺസുലേറ്റ് അങ്കണം ഇന്ത്യയിൽ നടക്കുന്ന ഉത്സവം പോലെ അനുഭവവേദ്യമായതായി കാണികൾ അഭിപ്രായപ്പെട്ടു. ജെ.ടി.എസ് ഭാരവാഹി സിറാജ് മൊഹിയുദ്ദീൻ കൂട്ടായ്മയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഖാജ മൊഹിയുദ്ദീൻ സ്വാഗതവും ഫയാസ് നന്ദിയും പറഞ്ഞു. റഫാത് സിറാജ്, ജയ് ശങ്കർ, എഴിൽ മാറാൻ എന്നിവർ അവതാരകരായിരുന്നു.

Tags:    
News Summary - Jeddah Tamil Sangam Pongal festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.