ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ കുഞ്ഞുമോൻ കാക്കിയ സംസാരിക്കുന്നു
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹ്യ സുരക്ഷ പദ്ധതി കോ ഓഡിനേറ്റർമാർക്ക് പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ പരിപാടി ഉദ്‌ഘാടനം ചെയ്തു.
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ജിദ്ദയിലെ മുഴുവൻ പ്രവാസികളെയും അംഗങ്ങളാക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണെമെന്ന് അദ്ദേഹം അറിയിച്ചു. 13ാം വർഷത്തേക്കുള്ള സാമൂഹ്യ സുരക്ഷ അംഗത്വ ക്യാമ്പയിൻ ഒക്ടോബർ 15ന് ആരംഭിച്ച് ഡിസംബർ 31ന് അവസാനിക്കുന്നതാണെന്നും ജിദ്ദയിലെ മുഴുവൻ മലയാളി പ്രവാസികളെയും ഈ വിഷയത്തിൽ ബോധവത്കരിക്കാനും അദ്ദേഹം അഭ്യർഥിച്ചു. പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും സ്ഥിതിവിവരക്കണക്കുകളും കോർഡിനേറ്റർ റഫീഖ് പാറക്കൽ അവതരിപ്പിച്ചു. പദ്ധതിയുടെ നിയമാവലിയും പുതിയ മൊബൈൽ ആപ്ലിക്കേഷനും യോഗത്തിൽ പരിചയപ്പെടുത്തി. അംഗത്വ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പുതിയ സംവിധാനങ്ങളെക്കുറിച്ചും വിശദീകരണം നൽകി.
കഴിഞ്ഞ ഒരു ദശകത്തിലേറെയായി സൗദിയിലെ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ ഏകദേശം ഒരു ലക്ഷത്തോളം പ്രവാസികളെ അംഗങ്ങ ളാക്കി സൗദി കെ.എം.സി.സി നടപ്പാക്കിവരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി, നിരവധി പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി കോടിക്കണക്കിന് രൂപയുടെ സഹായം ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ പിന്തുണയോടെ പദ്ധതി വിജയകരമായി 12 വർഷം പൂർത്തിയാക്കി യതായി നേതാക്കൾ അറിയിച്ചു.
13-ാം വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കെ.എം.സി.സി ഭാരവാഹികളായ കാദർ ചെങ്കള, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, ബഷീർ മൂന്നിയൂർ, ഫൈസൽ ബാബു എന്നിവർ സംസാരിച്ചു. ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും പദ്ധതി കൺവീനർ ഉസ്മാൻ അലി പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.