ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർഥികൾ നേരിടുന്ന യാത്രാപ്രശ്നം സ്കൂൾ അധികൃതരുമായി ചർച്ച ചെയ്യാൻ ഇസ്പാഫ് അംഗങ്ങൾ എത്തിയപ്പോ

ജിദ്ദ ഇന്ത്യൻ സ്ക്കൂൾ വിദ്യാർഥികളുടെ യാത്രാപ്രശ്നം ചർച്ച ചെയ്തു

ജിദ്ദ: ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർഥികൾ നേരിടുന്ന യാത്രാപ്രശ്നത്തെ കുറിച്ച്​ ഇന്ത്യൻ സ്ക്കൂൾ പാരന്‍റ്​​സ്​ ഫോറം (ഇസ്പാഫ്) ഭാരവാഹികൾ സ്കൂൾ അധികൃതരുമായി ചർച്ച ചെയ്തു. പ്രസിഡന്‍റ്​ ഡോ. മുഹമ്മദ്‌ ഫൈസലിന്‍റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസ്സൻ, മാനേജ്​മെന്‍റ്​​ കമ്മിറ്റി ചെയർമാൻ മുഹ്സിൻ ഹുസൈൻ ഖാൻ, കമ്മിറ്റി അംഗങ്ങളായ ജസീം അബു മുഹമ്മദ്‌, ഡോ. പ്രിൻസ് മുഫ്തി സിയാവുൽ ഹസ്സൻ എന്നിവരുമായാണ്​ കൂടിക്കാഴ്ച നടത്തിയത്​.

കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അതിന്‍റെ പരിഹാരത്തിന് സ്കൂൾ മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നുള്ള അടിയന്തര നടപടികളും ആവശ്യപ്പട്ടു. സ്കൂൾ മാനേജ്‌മെന്‍റ്​​ കമ്മിറ്റി അംഗങ്ങൾ ഈ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. ഇന്നത്തെ തൊഴിൽ നിയമങ്ങളും മറ്റു നിയമവിഷയങ്ങളും പുതിയ കരാറിൽ ഏർപെടുന്നതിൽ കാലതാമസം ഉണ്ടാക്കിയെന്നും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ യാത്രാസൗകര്യം വിദ്യാർഥികൾക്ക് ഒരുക്കുന്നതിൽ മാനേജ്​മെന്‍റ്​​ കമ്മിറ്റി പ്രത്യേകം നിഷ്കർഷത പുലർത്തുകയും ശ്രദ്ധകേന്ദ്രീകരിക്കുകയും ചെ​യ്​തെന്നും വ്യക്തമാക്കി. നിലവിൽ ഒമ്പത്​ മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ യാത്രാസൗകര്യം ലഭ്യമാക്കിയെന്നും കെ.ജി. വിദ്യാർഥികൾക്ക് അടുത്ത മൂന്നാഴ്ചക്കുള്ളിൽ യാത്രാസൗകര്യം ഒരുക്കും എന്നും അവർ അറിയിച്ചു. ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള യാത്രാസൗകര്യം വേനലവധിക്ക് ശേഷം ലഭ്യമാകും.

യാത്രാപ്രശ്‌നത്തിന് പുറമെ മറ്റു വിഷയങ്ങളും മാനേജ്‍മെന്‍റ്​ കമ്മിറ്റിയുടെയും പ്രിൻസിപ്പാലിന്‍റെയും ശ്രദ്ധയിൽ കൊണ്ടുവന്നു. അതിൽ സ്കൂളിന്‍റെ മുന്നിൽ ഉള്ള യാത്രാകുരുക്ക്, ടോയ്​ലറ്റിന്‍റെ അവസ്ഥ, കുടിവെള്ള ശീതീകരണ സംവിധാനം, ലൈബ്രറി സൗകര്യത്തിലെ അപര്യാപ്തത തുടങ്ങിയവ പരിഹരിക്കുന്നതിനായി ഇതിനകം നടപടി സ്വീകരിച്ചു തുടങ്ങിയതായി സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അതിന്‍റെ പരിഹാര നടപടികൾ കൂടിയാലോചിക്കാനും വരും നാളുകളിൽ കൂടിക്കാഴ്ചകൾ തുടർന്നും നടത്താൻ വേണ്ടിയുള്ള ഇസ്പാഫിന്‍റെ നിർദേശം മാനേജ്മെന്‍റ്​ കമ്മിറ്റി അംഗീകരിച്ചു.

അധ്യാപകരിൽ ശരിയായ യോഗ്യത ഉള്ളവരുടെ കുറവും കോവിഡിന് ശേഷം ഓഫ്‌ലൈൻ ക്ലാസിൽ കണ്ടുവരുന്ന പ്രശ്നങ്ങളും മാനേജ്​മെന്‍റ്​​ കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഈ വിഷയം ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ പ്രിൻസിപ്പൽ ഏറ്റെടുത്തു നടപ്പാക്കും എന്നും അറിയിച്ചു. സ്വകാര്യ വാഹങ്ങൾക്ക് ഗേൾസ് സ്കൂൾ ഗേറ്റിന്​ അടുത്തും ബോയ്സ് സ്കൂൾ കോമ്പൗണ്ടിലും കുട്ടികളെ ഇറക്കാൻ ഉപാധികളോടെ അനുവദിക്കും എന്നും ഉറപ്പ് നൽകി. കോ-എജുക്കേഷൻ നടപ്പാക്കിയതുമൂലം കുട്ടികളുടെ സെഷൻ മാറിയത് കൊണ്ട് അനുഭവിക്കുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ, ആവശ്യമുള്ള പാരന്‍റ്​സ്​ പ്രിൻസിപ്പൽ, ഹെഡ്​മാസ്റ്റർ എന്നിവർക്ക് ഇമെയിൽ അയച്ചു പരിഹാരം തേടാവുന്നതാണ്. ആവശ്യമുള്ള.നടപടി പ്രിൻസിപ്പൽ ഉടൻ സ്വീകരിക്കുന്നതാണ്. ചർച്ചയിൽ പ്രസിഡന്‍റിന്​ പുറമെ ഇസ്പാഫിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫസ്‌ലിൻ, ജാഫർ ഖാൻ, റഫീഖ് പെരൂൾ, അഹമ്മദ് യൂനുസ്, മുഹമ്മദ്‌ ബൈജു, സലാഹ് കാരാടൻ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Jeddah Indian School students' travel issue discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.