സുഗതകുമാരിയുടെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു

ജിദ്ദ: പ്രശസ്ത കവയിത്രിയും സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്കാരിക, പാരിസ്ഥിക രംഗത്ത് തന്റേതായ സംഭാവനകൾ അർപ്പിക്കുകയും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത സുഗതകുമാരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്.

സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുമ്പോൾ തന്നെ പാരിസ്ഥിതിക വിഷയങ്ങളിലും വ്യക്തമായ നിലപാട് ഉയർത്തിപ്പിടിക്കാൻ സുഗതകുമാരിക്ക് കഴിഞ്ഞു. താൻ നേതൃത്വം നൽകി ഉണ്ടാക്കിയെടുത്ത അഭയഗ്രാമവും അഗതികളായ സ്ത്രീകൾക്കുവേണ്ടി ഒരുക്കിയ അത്താണിയും മാനസിക രോഗികൾക്കുവേണ്ടിയുള്ള പരിചരണാലയവുമൊക്കെ അശരണരോട് അവർക്കുണ്ടായിരുന്ന മാനവികതക്ക് ഉദാഹരണങ്ങളാണ്.

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവർ അശ്രാന്ത പരിശ്രമം നടത്തി. സുഗതകുമാരിയുടെ വിയോഗം മൂലം സാംസ്കാരിക കേരളത്തിനുണ്ടായ നഷ്ടം ഏറെ വലുതാണെന്നും അവരുടെ കുടുംബംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ എന്നിവർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.