മീഡിയവൺ വിലക്ക് പിൻവലിച്ച സുപ്രീം കോടതി വിധിയിലുള്ള ആഹ്‌ളാദം ജിദ്ദ പൗരസമൂഹം കേക്ക് മുറിച്ചു ആഘോഷിച്ചപ്പോൾ.                                                                                            (ഫോട്ടോ: അഷ്‌റഫ് അഴീക്കോട്)

മീഡിയവൺ വിലക്ക് പിൻവലിച്ച സുപ്രീം കോടതി വിധിയിൽ ആഹ്‌ളാദം പങ്കുവെച്ചു ജിദ്ദ പൗരസമൂഹം ഒത്തുകൂടി

ജിദ്ദ: ഒരു വർഷത്തിലേറെയായി മീഡിയവൺ ചാനലും ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും നടത്തിക്കൊണ്ടിരുന്ന നിയമപോരാട്ടത്തിനൊടുവിൽ സുപ്രീം കോടതിയിൽ നിന്നുമുണ്ടായ ചരിത്ര വിധിയിൽ ജിദ്ദ പൗരസമൂഹം ഒത്തുകൂടി ആഹ്‌ളാദം പങ്കുവെച്ചു. ശറഫിയ റീഗൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്മാൻ നാട്ടിൽ നിന്നും ഓൺലൈനിൽ സദസ്സിനെ അഭിസംബോധന ചെയ്തു. മീഡിയാവൺ കേസിലെ വിധി മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം നേരിനും നന്മക്കും ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴിയടയാതിരിക്കാൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച ചരിത്ര വിധിയുടെ നിറവിൽ മീഡിയാവൺ അതിന്റെ സാഹസികയാത്ര അഭിമാനത്തോടെ തുടരുമെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന മീഡിയാവൺ ജീവനക്കാർ, കരുത്തരായ ഓഹരിയുടമകൾ, മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ, മറ്റു മാധ്യമപ്രവർത്തകർ, പ്രവാസലോകത്തും നാട്ടിലുമുള്ള പ്രേക്ഷകർ എന്നിവർക്കെല്ലാം നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശേഷം 'മീഡിയവൺ വിജയം നേടിയിരിക്കുന്നു' എന്നാലേഖനം ചെയ്ത വലിയ കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.


മീഡിയവൺ സമൂഹത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന നന്മക്ക് ലഭിച്ച അംഗീകാരമാണ് പരമോന്നത കോടതി വിധിയെന്നും കൂടുതൽ കരുത്തോടെ ചാനലിന് പ്രവർത്തിക്കാൻ കഴിയട്ടെ എന്നും ചർച്ചക്ക് തുടക്കമിട്ടുകൊണ്ട് ക്ലസ്റ്റർ അറേബ്യ കമ്പനി സ്ഥാപക ചെയർമാൻ അബ്ദുൾറഹ്മാൻ പട്ടർകടവൻ ആശംസിച്ചു. 2014 മുതൽ രാജ്യത്ത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പുതിയ കോടതിവിധി അത്തരം സാഹചര്യങ്ങളെ തടയുന്നതാണെന്നും മീഡിയവൺ ചാനലിന്റെ വിലക്ക് നീക്കിയ വിധിയിൽ സന്തോഷമുണ്ടെന്നും അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി) അഭിപ്രായപ്പെട്ടു. രാഷ്ട്ര ശിൽപ്പികൾ നേടിത്തന്ന മാധ്യമരംഗത്തുൾപ്പെടെയുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാവരും ഐക്യത്തോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന് കരുത്തേകുന്ന കോടതിവിധിയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും ഈ വിധിയിലൂടെ കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം വർധിക്കാൻ കരണമായതായും ഷിബു തിരുവനന്തപുരം (നവോദയ) പറഞ്ഞു. ഇന്ത്യൻ ജനത ഒത്തൊരുമിച്ചു നിന്നാൽ ഫാസിസത്തെ തുരത്താൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുണ്ട കാലത്ത് നമുക്ക് കിട്ടിയ വെളിച്ചമാണ് കോടതി വിധിയെന്നും പ്രതിസന്ധി ഘട്ടത്തിലും മീഡിയവൺ ചാനലിന്ന് ഒപ്പം നിന്ന് ജോലി നിർവഹിച്ച മുഴുവൻ മാധ്യമ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും കുഞ്ഞു മുഹമ്മദ് കോടശ്ശേരി (ഒ.ഐ.സി.സി) പറഞ്ഞു.


എ.എം. അബ്ദുള്ളകുട്ടി (ഐ.എം.സി.സി), റഹീം ഒതുക്കുങ്ങൽ (പ്രവാസി വെൽഫയർ), ബീരാൻ കോയിസ്സൻ (ഇന്ത്യൻ സോഷ്യൽ ഫോറം), അബ്ബാസ് ചെമ്പൻ (ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ), എസ്.എം. നൗഷാദ് (തനിമ), കബീർ കൊണ്ടോട്ടി (ജിദ്ദ കേരള പൗരാവലി), സുൾഫിക്കർ ഒതായി (മീഡിയ ഫോറം), നസീർ ബാവക്കുഞ്ഞു (ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം), എ.എം.സജിത്ത് (മലയാളം ന്യൂസ്), അബ്ദുള്ള മുക്കണ്ണി (എഴുത്തുകാരൻ) എന്നിവരും കോടതിവിധിയെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.

മീഡിയവൺ സൗദി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് അഫ്താബുറഹ്മാൻ ഉപസംഹാര പ്രസംഗം നിർവഹിച്ചു. മീഡിയവൺ സൗദി വെസ്റ്റേൺ റീജിയൻ രക്ഷാധികാരി എ. നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി കൺവീനർ സി.എച്ച് ബഷീർ സ്വാഗതവും കമ്മിറ്റി അംഗം അഷ്‌റഫ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. നൗഷാദ് നിടോളി അവതാരകനായിരുന്നു. സാദിഖലി തുവ്വൂർ, സി.എച്ച്. റാഷിദ്, സാബിത്ത് സലിം, ഗഫൂർ കൊണ്ടോട്ടി, ഇ.കെ. നൗഷാദ്, ബഷീർ ചുള്ളിയൻ, മുഹമ്മദലി പട്ടാമ്പി, മുനീർ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.



 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.