ജിദ്ദ സിജി കമ്യൂണിറ്റി ലൈബ്രറി ലോഞ്ചിങ് പരിപാടിയിൽനിന്ന്
ജിദ്ദ: നൂതനാശയങ്ങളുമായി ജിദ്ദ സമൂഹത്തിനു മുന്നിൽ വിസ്മയങ്ങളൊരുക്കുന്ന ജിദ്ദ സിജി ചാപ്റ്ററും ജിദ്ദ സിജി വിമൻ കലക്ടീവും സംയുക്തമായി ഒരു പുതിയ വായനാശീലത്തിന് നാന്ദി കുറിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ യുഗത്തിലും വായനകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നു മനസ്സിലാക്കി പ്രവാസി വായനകളെ പരിപോഷിപ്പിക്കുന്നതിനാണ് ജിദ്ദ സിജി കമ്യൂണിറ്റി ലൈബ്രറി യാഥാർഥ്യമാക്കിയത്.
സിജി കമ്യൂണിറ്റി ലൈബ്രറി ലോഞ്ചിങ്ങിൽ ജിദ്ദയിലെ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സിജി ജിദ്ദ കമ്യൂണിറ്റി ലൈബ്രറിയുടെ ലോഞ്ചിംഗ് നിർവഹിച്ചു. സിജി കമ്യൂണിറ്റി ലൈബ്രറി എന്ന ആശയത്തിന് ജീവൻ നൽകാൻ പരിശ്രമിച്ച ജെ.സി.ഡബ്ലിയു.സി ഉപദേശക സമിതി ഹെഡ് അനീസ ബൈജു ലൈബ്രറിയുടെ ലോഞ്ചിംഗിന്റെ പിന്നണി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കോഓഡിനേറ്റർമാരുടെ ഉത്തരവാദിത്വത്തിൽ ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് നടക്കുന്ന സിജി കമ്യൂണിറ്റി ലൈബ്രറിയുടെ പ്രവർത്തന രീതി, പുസ്തകങ്ങൾ സർക്കുലേറ്റ് ചെയുന്ന പ്രവർത്തനം , അംഗത്വം നേടുന്നതിന്റെ നടപടിക്രമങ്ങൾ, നിയമാവലികൾ എന്നിവ കമ്യൂണിറ്റി സിജി ലൈബ്രറിക്ക് വേണ്ടി ലൈബ്രറി പോർട്ടൽ തയാറാക്കിയ ജിദ്ദ സിജി ചാപ്റ്റർ മീഡിയ ഹെഡ് റഫീഖ് പേരൂൾ വിശദീകരിച്ചു. ലൈബ്രറിയുടെ പുസ്തക വിതരണത്തെക്കുറിച്ച് ജെ.സി.ഡബ്ലിയു.സി അംഗവും ലൈബ്രറി കോഓഡിനേഷൻ ഹെഡുമായ ഇർഫാന സജീർ സംസാരിച്ചു.
ലൈബ്രറിയുടെ ലോഞ്ചിംഗിന് കൂടുതൽ മിഴിവേകി കൊണ്ട് ജിദ്ദ സിജി വിമൺ കലക്റ്റീവ് അംഗം അമീന തൻസിമിന്റെ കവിത സമാഹരമായ 'ശലഭായനം' പുസ്തകപ്രകാശനവും ചടങ്ങിൽ നടന്നു. ലോഞ്ചിംഗിന്റെ ഭാഗമായി പുസ്തകത്തിന്റെ ആദ്യപ്രതി ജെ.സി.ഡബ്ലിയു.സി മീഡിയ വിങ് കോഓഡിനേറ്ററും എഴുത്തുകാരിയും അധ്യാപികയുമായ റെജി അൻവറിന് നൽകിക്കൊണ്ട് അധ്യാപക ദിനാചരണവും നടത്തി. ജെ.സി.ഡബ്ല്യൂ.സി ഗ്രൂപ്പിലെ അധ്യാപകരെ പരിപാടിയിൽ പ്രത്യേകം ആദരിച്ചു.
ജിദ്ദ സിജി കമ്യൂണിറ്റി ലൈബ്രറിക്ക് ആശംസ നേർന്നു കൊണ്ട് റൂബി സമീർ, എ.എം അഷ്റഫ്, ശാക്കിർ ഹുസൈൻ, റഷീദ് അമീർ, സാദിഖലി തുവ്വൂർ, മുസാഫിർ, സലാഹ് കാരാടൻ, ഹസ്സൻ ചെറൂപ്പ, കബീർ കൊണ്ടോട്ടി, സുൽഫിക്കർ ഒതായി, എം. സജിത്ത് എന്നിവർ സംസാരിച്ചു. ജെ.സി.ഡബ്ലി.യു.സി വൈസ് ചെയർമാൻ നബീല അബൂബക്കർ അവതാരകയായിരുന്നു. ജെ.സി ഡബ്ലിയു.സി ട്രഷറർ മാജിത കുഞ്ഞി ഫോട്ടോഗ്രഫി കൈകാര്യം ചെയ്തു. ജനറൽ സെക്രട്ടറി സൗദ കാന്തപുരം ലൈബ്രറി കോഓഡിനേറ്ററുടെ അനുഭവങ്ങൾ വിശദീകരിച്ചു. സിജി ജിദ്ദ ചാപ്റ്റർ ഉപദേശക സമിതി ഹെഡ് കെ.ടി അബൂബക്കർ അബ്ദുറഹ്മാൻ ഖിറാഅത്ത് നടത്തി. സിജി ജിദ്ദ വൈസ് ചെയർമാൻ മുഹമ്മദ് ബൈജു സ്വാഗതവും ചെയർപേഴ്സൺ റഫ്സീന അഷ്ഫാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.