റിയാദ്: ജനാദിരിയയിൽ തണുപ്പുണ്ട്. രാത്രിയാവുേമ്പാൾ കാഠിന്യമേറുന്നുണ്ട്. എന്നിട്ടും തണുക്കാത്ത ആഘോഷ ചൂട ിലാണ് പൈതൃകോത്സവ നഗരി. ആദ്യ നാലുദിവസം പ്രമുഖ വ്യക്തികളുടെ സന്ദർശനത്തിനു വേണ്ടി മാറ്റിവെച്ചിട്ടും അതിനിട യിലും പൊതുജനങ്ങളായി പതിനായിരങ്ങളെത്തി ഒാരോ ദിവസവും. കുടുംബങ്ങളുൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾക്കുമായി ചൊവ്വാ ഴ്ച മുതലാണ് വാതിൽ തുറന്നിരിക്കുന്നത്. ഇതോടെ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വൻതോതിൽ വർധിക്കും. പതിവ് പവില ിയനുകൾക്കൊപ്പം ഇത്തവണ നിരവധി പുതിയ പ്രദർശകരുമുണ്ട് ഉത്സവത്തിന് പൊലിമയേറ്റാൻ. അതിഥി രാജ്യമായ ഇന്തോനേഷ്യ അവരുടെ പവിലയിനും കമനീയമാക്കിയിട്ടുണ്ട്. പതിവിലും നേരത്തെയാണ് ഇത്തവണ ഉത്സവത്തിന് കൊടിയേറിയത്. 32ാമത് ജനാദിരിയ പൈതൃകോത്സവം ഇൗ വർഷം ഫെബ്രുവരിയിലാണ് നടന്നത്. 10 മാസത്തിനുള്ളിൽ തന്നെ അടുത്ത ഉത്സവവുമെത്തുകയായിരുന്നു. ‘വഫാഹ് വ വലാഹ്’ (ദൃഢവിശ്വാസവും ഭക്തിയും) എന്ന മുദ്രാവാക്യവുമായെത്തിയ 33ാം പതിപ്പ് ഇൗ മാസം 20ന് സൽമാൻ രാജാവാണ് ഉദ്ഘാടനം ചെയ്തതത്. 21 ദിവസം നീളുന്ന ലോകത്തിലെ ഏറ്റവും വലിയ പൈതൃക സാംസ്കാരികോത്സവമെന്ന ഗരിമയെ ജ്വലിപ്പിക്കാൻ വേണ്ടതെല്ലാം ഇത്തവണയും ഒരുങ്ങിയിട്ടുണ്ട്. നഗര മധ്യത്തിൽ നിന്ന് 50 കിലോമീറ്ററകലെ തുമാമയിലെ ജനാദിരിയ പൈതൃക ഗ്രാമം താരങ്ങൾ നിറഞ്ഞ വിണ്ണ് മണ്ണിലേക്കിറങ്ങി വന്നപോലെ രാത്രിയിൽ വെട്ടിത്തിളങ്ങുകയാണ്.
ഇനി കുടുംബങ്ങൾക്കും
ചൊവ്വാഴ്ച മുതൽ കുടുംബങ്ങളുൾപ്പെടെ ആബാല വൃദ്ധം ജനങ്ങൾക്കുമായി ഉത്സവ നഗരിയുടെ വാതിൽ മലർക്കെ തുറന്നിട്ടുകഴിഞ്ഞു. ഉദ്ഘാടനം മുതൽ ആദ്യനാല് ദിവസം വിദേശ നയതന്ത്ര പ്രതിനിധികൾ ഉൾപ്പടെ പ്രമുഖ വ്യക്തികൾക്കുവേണ്ടി മാറ്റിവെച്ചിരുന്നതിനാൽ പൂർണാർഥത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനാനുമതിയുണ്ടായിരുന്നില്ല. കുടുംബങ്ങൾക്ക് പ്രത്യേകിച്ചും. എന്നാൽ ചൊവ്വാഴ്ച മുതൽ അത്തരം നിയന്ത്രണങ്ങൾ കൂടി നീക്കി. ഇനി അവസാന ദിനം വരെയും കുടുംബങ്ങളും യുവാക്കളും വൃദ്ധജനങ്ങളും ഉൾപ്പെടെ മുഴുവനാളുകൾക്കും പ്രവേശിക്കാം. അതേസമയം അപൂർവം ചില പവിലിയനുകളിൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. കുട്ടികൾക്കും കുടുംബിനികൾക്കും ആസ്വദിക്കാൻ കഴിയുന്ന കലാപരിപാടികളുൾപ്പെടെയുള്ളയാണ് അത്തരം വേദികളിലുണ്ടാവുക. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ രാത്രി 11 വരെ.
ആകർഷകമായി മിസ്ക് ഫൗേണ്ടഷൻ
നഗരിയിൽ താരതമ്യേന പുതുമുഖമായ മിസ്ക് ഫൗണ്ടേഷെൻറ പവിലിയനാണ് ഇത്തവണ ഏറ്റവും ആകർഷകം. തദ്ദേശീയമായ സർഗാത്മക യുവത്വത്തിെൻറ പ്രോത്സാഹനത്തിനും കലാസാഹിത്യ വൈജ്ഞാനിക കഴിവുകളുടെ പരിപോഷണത്തിനും വേണ്ടി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്ഥാപിച്ച ‘മിസ്ക് ഫൗണ്ടേഷ’െൻറ പവിലിയൻ വേറിട്ട അനുഭവം സമ്മാനിക്കുന്നതാണ്. പവിലിയനിനുള്ളിൽ കാൽപനികമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അറേബ്യൻ തനത് വാദ്യോപകരണമായ ഉൗദ് കൊണ്ട് ഇബ്രാഹിം ബഖാമി നടത്തുന്ന കച്ചേരിയാണ് സന്ദർശകരെ ആദ്യം വരവേൽക്കുക. ആകാശദൃശ്യങ്ങൾ വിടരുന്ന പ്ലാനറ്റേറിയങ്ങളാണ് ഇത്തവണത്തെ പുതുമകളിൽ പ്രധാനപ്പെട്ടത്. സൗരയൂഥവും താരങ്ങളും പിന്നെ മറ്റ് കാഴ്ചകളും തലയ്ക്ക് മുകളിൽ മച്ചിൽ കാണാൻ കഴിയുന്ന ദൃശ്യ വിസ്മയമാണ് പുതുതായി സജ്ജീകരിച്ച താഴികക്കുട ആകൃതിയിലുള്ള പവിലിയനുകൾ സമ്മാനിക്കുന്നത്.
ഇന്തോനേഷ്യൻ പവിലിയിനിൽ ഇന്ദിരയും നെഹ്്റുവും
അതിഥി രാജ്യമായ ഇന്തോനേഷ്യയുടെ പവിലിയൻ കഴിഞ്ഞ തവണത്തെ അതിഥിരാജ്യം ഇന്ത്യ ഒരുക്കിയതിനോളം പൊലിമയിൽ എത്തിയില്ലെങ്കിലും നേരിയൊരു ഇന്ത്യൻ സ്പർശം അതിനുള്ളിൽ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കും. ഇന്ദിര ഗാന്ധിയും ജവഹർലാൽ നെഹ്റുവുമുള്ള ഒരു പഴയ ഫോേട്ടാ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്തോനേഷ്യയും സൗദി അറേബ്യയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീളുന്ന ബന്ധത്തിെൻറ തെളിവായി പ്രദർശിപ്പിച്ചിരിക്കുന്ന ഫോേട്ടാകൾക്കിടയിലാണ് ഇതുമുള്ളത്. 1955ൽ ചൈനയിലെ ബാന്ദൂങ്ങിൽ രൂപമെടുത്ത ഏഷ്യൻ, -ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഐക്യ പ്രസ്ഥാനത്തിെൻറ ആദ്യയോഗത്തിൽ നിന്നുള്ള ഫോേട്ടായാണത്. അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ഷൂ എൻലായുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം വിവിധ രാഷ്ട്രത്തലവന്മാരുടെ േഫാേട്ടാ സെഷൻ. അതിൽ സൗദി ഭരണാധികാരി ഫൈസൽ രാജാവിനോടൊപ്പം മുൻ നിരയിൽ ഇരിക്കുന്നവരിലാണ് ഇന്ദിരാ ഗാന്ധിയുള്ളത്. പിന്നിൽ നിൽക്കുന്ന രാഷ്ട്രത്തലവന്മാരുടെ നിരയിൽ നെഹ്റുവും. ഫൈസൽ രാജാവിെൻറ ഇടത്തും വലത്തും ഇരിക്കുന്നവരിൽ ഒരാൾ ചൈനീസ് പ്രധാനമന്ത്രി ഷൂ എൻലായുടെ ഭാര്യ ഡിങ് എങ്ഷോയാണ്. ഇൗ ഫോേട്ടാ പവിലിയിനിലെത്തുന്ന ഇന്ത്യാക്കാരുടെ ശ്രദ്ധയാകർഷിക്കും.
കോഴിക്കോടൻ തേക്കുരുപ്പടിയുമായി
കുവൈത്തി ആശാരി
കുവൈത്തിെൻറ പവിലിയനിൽ കോഴിക്കോടൻ തേക്ക് കൊണ്ട് നിർമിച്ച ഫർണീച്ചറുകളുമായി ഒരു കുവൈത്തി ആശാരിയുണ്ട്. സന്ദർശകർ കേരളീയരാണെന്ന് അറിഞ്ഞാൽ അദ്ദേഹം കോഴിക്കോടിനെ കുറിച്ച് വാചാലനാവും. താരിഖ് ഇൗസ മാലല്ലാഹ് എന്നയാളാണ് ആ മരയാശാരി. അദ്ദേഹം രണ്ടു തവണയാണ് കോഴിക്കോട്ട് പോയിട്ടുള്ളത്. ബേപ്പൂരിലുള്ള മര മൊത്തക്കച്ചവടക്കാരെൻറ പേരും കടയും എല്ലാം അദ്ദേഹത്തിന് നല്ല പരിചിതം. തേക്ക് കൊണ്ട് അദ്ദേഹം നിർമിച്ച ഫർണീച്ചറുകൾക്കും നല്ല ഭംഗി. കരവിരുതിെൻറ മികവ് അവയിൽ പ്രകടം. ഒരു കേരളീയ സ്പർശമുണ്ട് അതിന്. കുവൈത്തിന് പുറമെ, ബഹ്റൈൻ, ഒമാൻ, യു.എ.ഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങൾക്കും സ്വന്തം പവിലിയനുകളുണ്ട്.
ഇതിനെല്ലാം പുറമെ വിേൻറജ് കാറുകളുടെ വലിയ പ്രദർശനവുമുണ്ട്. 1920 കൾ മുതലുള്ള ലോകോത്തര കാർ കമ്പനികളുടെ വാഹനങ്ങൾ നിരന്നിട്ടുണ്ട്. പഴയ അറേബ്യൻ ഗ്രാമീണ അന്തരീക്ഷത്തെ പുനരാവിഷ്കരിച്ച പവിലിയനും ആകർഷണീയതയിൽ ഒട്ടും പിന്നിലല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.