ജമൈക്കൻ സയാമീസ്​ കരുന്നുകൾ

തമ്മിൽ വേർപിരിഞ്ഞ്​ അസാരിയയും അസുരയും

റിയാദ്: ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയെയും അസുരയെയും വിജയകരമായി വേർപെടുത്തി. സൽമാൻ രാജാവി​ന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​ന്റെയും നിർദേശാനുസരണം വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ കിങ് അബ്​ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്​ദുല്ല സ്​പെഷലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്​റ്റിക് സർജറി എന്നീ വിഭാഗങ്ങളിലെ 25 കൺസൾട്ടൻറുകൾ, സ്​പെഷലിസ്​റ്റുകൾ, നഴ്സിങ്​, സാങ്കേതിക ജീവനക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശസ്ത്രക്രിയ നടന്നത്.

ഈ വർഷം ജൂലൈ 28നാണ് അസാരിയയും അസുര എൽസണും റിയാദിൽ എത്തിയത്. ജമൈക്കൻ ഇരട്ടകളെ റെക്കോഡ് സമയത്തിനുള്ളിൽ വേർപെടുത്തിയതായി മെഡിക്കൽ, സർജിക്കൽ ടീം തലവൻ ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു. ശസ്ത്രക്രിയയുടെ ആദ്യ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരട്ടകളെ വേർപെടുത്താനും ഓരോ കുട്ടിയെയും പ്രത്യേക കിടക്കയിൽ കിടത്താനും മെഡിക്കൽ സംഘത്തിന് കഴിഞ്ഞു. ഇവർക്ക് കുടൽ, കരൾ, ഡയഫ്രം അല്ലെങ്കിൽ താഴത്തെ പെരികാർഡിയം എന്നിവ പങ്കിടാൻ കഴിഞ്ഞിരുന്നില്ല.

 

വേർപെടുത്തൽ ശസ്​ത്രക്രിയയിൽനിന്ന്​

അസുര എന്ന കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ശസ്ത്രക്രിയ വേഗത്തിലാക്കിയെന്നും അൽറബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളെ കിങ് അബ്​ദുല്ല സ്​പെഷലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ സംഘം സമഗ്രവും ഒന്നിലധികം പരിശോധനകളും നടത്തിയിരുന്നു. നിരവധി യോഗങ്ങൾ നടത്തി പരിശോധന ഫലങ്ങൾ വിലയിരുത്തി. ഇരട്ടകളുടെ നെഞ്ചി​ന്റെ താഴത്തെ ഭാഗം, വയറി​ന്റെ ഭാഗം, കരൾ ഭാഗം എന്നിവ പങ്കിടുന്നുണ്ടെന്ന് നിഗമനത്തിലെത്തി.

ഇരട്ടകളിൽ ഒരാൾക്ക് വലിയ ജന്മനാവൈകല്യങ്ങളും ഹൃദയപേശികളുടെ പമ്പിങ്ങിലെ ബലഹീനതയും ഉണ്ടെന്നും കണ്ടെത്തി. ഇത് ശസ്ത്രക്രിയയിലെ അപകടസാധ്യത 40 ശതമാനമായി ഉയർത്തുന്നുവെന്നും സംഘം വിലയിരുത്തി. പിന്നീട് ഇരട്ടകളുടെ അവസ്ഥ മതാപിതാക്കളോട് വിശദീകരിച്ചു. ഇരട്ടകളിൽ ഒരാൾ അനുഭവിക്കുന്ന വൈകല്യങ്ങളും അത് അവളുടെ സഹോദരിക്ക് ഉണ്ടാക്കുന്ന അപകടവും അവർക്ക് വ്യക്തമാക്കി കൊടുത്തിരുന്നു.

പീഡിയാട്രിക് കാർഡിയോളജിസ്​റ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തി​ന്റെ നിരവധി യോഗങ്ങൾക്ക് ശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. ഇരട്ടകളെ ശസ്ത്രക്രിയക്ക്​ തയാറാക്കാൻ മെഡിക്കൽ സംഘം പ്രത്യേക മരുന്നുകൾ ഉപയോഗിച്ചുവെന്നും സങ്കീർണതകൾ തടയുന്നതിനായി ഇരട്ടകളുടെ സുപ്രധാന ലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയക്കായുള്ള സൗദി പദ്ധതി പ്രകാരം 67-ാമത്തെ ശസ്ത്രക്രിയയാണിതെന്ന്​ ഡോ. അൽറബീഅ പറഞ്ഞു. ലോകമെമ്പാടുമുള്ള 28 രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 35 വർഷത്തിലേറെയായി ഈ പരിപാടിയിൽ 152 സയാമീസ് ഇരട്ടകളെ പരിചരിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Jamaican Siamese twins undergo successful separation surgery in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.