ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്ക് മുമ്പാകെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്: ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം കണ്ടെത്തേണ്ട സമയമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്ക് മുമ്പാകെ നടത്തിയ പ്രസംഗത്തിനിടെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഫലസ്തീൻ ജനതയുടെ ചരിത്രപരമായ അവകാശങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് പട്ടിണി, നിർബന്ധിത നാടുകടത്തൽ, വ്യവസ്ഥാപിത കൊലപാതകങ്ങൾ എന്നിവയുൾപ്പെടെ അധിനിവേശ അധികാരികൾ അനിയന്ത്രിതമായി തുടരുന്ന ക്രൂരമായ നടപടികൾ അന്താരാഷ്ട്ര നിയമ തത്വങ്ങൾക്ക് വിരുദ്ധമാണ്. ആക്രമണം തടയുന്നതിനും മാനുഷിക സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനും ഗൗരവമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ചട്ടക്കൂടുകൾക്കും നിയമങ്ങൾക്കും നിയമസാധുതയ്ക്കും പുറത്ത് ഈ പ്രശ്നം പരിഹരിക്കുന്നത് തുടരുന്നത് അക്രമത്തിന്റെയും കഷ്ടപ്പാടുകളുടെയും വർധനവിന് കാരണമായിട്ടുണ്ടെന്ന് വദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി 1967 ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അക്ഷീണ ശ്രമങ്ങൾ സൗദി തുടരും. ഫലസ്തീൻ ലക്ഷ്യത്തെക്കുറിച്ചുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനം നൽകിയ പിന്തുണയെയും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനെയും വിദേശകാര്യ മന്ത്രി പ്രശംസിച്ചു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുടെ എണ്ണം വർധിച്ചുവരുന്നതിനെ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരത്തെ ഏകീകരിക്കുന്നതിനും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള പാത ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. നോർവേയുമായും യൂറോപ്യൻ യൂണിയനുമായും സഹകരിച്ച് ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള അന്താരാഷ്ട്ര സഖ്യം ആരംഭിക്കുന്നതിനുള്ള സൗദിയുടെ മുൻകൈയും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിന് ഫ്രാൻസുമായി ചേർന്ന് അത് സഹ-അധ്യക്ഷത വഹിച്ചതും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
മേഖലയിലെ എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരമാണ്. ഇസ്രായേലി ആക്രമണത്തിനും നിയമലംഘനങ്ങൾക്കുമെതിരെ നിർണായക നടപടിയെടുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് പ്രാദേശികവും ആഗോളവുമായ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുമെന്നും അപകടകരമായ പ്രത്യാഘാതങ്ങൾക്കും വംശഹത്യയുടെ വർധനവിനും വഴിയൊരുക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.