റിയാദ്: ഇസ്രായേലിന്റെ കിരാതവാഴ്ച ലോക മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും ഒന്ന് പ്രതിഷേധിക്കാൻ പോലും കഴിയാതെ കത്തിച്ചാമ്പലാക്കുന്ന ഈ നരനായാട്ട് കണ്ടില്ലെന്ന് നടിക്കുന്ന ലോകസമൂഹം വലിയൊരു ചോദ്യചിഹ്നമായി മാറിയെന്നും സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു.
കരയാൻ കണ്ണീർ പോലും ഇല്ലാതെ നരകയാതന അനുഭവിക്കുന്ന ഫലസ്തീൻ ജനതക്കുവേണ്ടി മനമുരുകിയുള്ള പ്രാർഥനയാണ് മുന്നിലുള്ളതെന്നും എല്ലാ സദസ്സുകളിലും നമസ്കാരങ്ങളിലും ഇവർക്കായി പ്രാർഥന നടത്തണമെന്നും യോഗം വിശ്വാസികളോട് ആവശ്യപ്പെട്ടു.
മുഴുവൻ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ട് ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ കാണിക്കുന്ന അക്രമവും അധിനിവേശവും മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഭക്ഷണവും വെള്ളവും വെളിച്ചവും വരെ നിഷേധിച്ചുകൊണ്ട് അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സാധാരണക്കാരുടെ വീടുകളും ആതുരാലയങ്ങൾ പോലും തകർത്തു തരിപ്പണമാക്കി നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊന്നുതള്ളുന്ന നടപടിക്കെതിരെ ലോക മനഃസാക്ഷി ശക്തമായി രംഗത്തെത്തണമെന്നും ഓരോരുത്തരും പ്രാർഥനകളിൽ ഫലസ്തീൻ ജനതയെ ഉൾപ്പെടുത്തണമെന്നും എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി അധ്യക്ഷത വഹിച്ചു. ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ സ്വാഗതവും ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.