മക്ക: ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഹനിക്കുന്ന അമേരിക്കൻ നിലപാടിനെ ശക്തമായി തള് ളിപ്പറഞ്ഞ് 14ാമത് ഇസ്ലാമിക ഉച്ചകോടിക്ക് സമാപനം. ജറുസലമിൽ യു.എസ് എംബസി തുറന്ന നടപടിയെ ശക്തമായി വിമർശിച്ച സമ്മേളനം ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്ന അന്താരാഷ്ട്ര സംഘടനകളെയും അമേരിക്ക ഉൾപ്പെടെ രാജ്യങ്ങളെയും മക്ക ഉച്ചകോടി എതിർക്കുന്നതായി പ്രഖ്യാപിച്ചു. യു.എൻ രക്ഷസമിതി തീരുമാനമനുസരിച്ച് ജൂലാൻ കുന്നുകളിൽനിന്ന് ഇസ്രായേൽ പൂർണമായും പിന്മാറണം.
ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശമടക്കം ഒന്നും അന്യാധീനപ്പെടാൻ അനുവദിക്കരുത്. അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ ജനതയുടെ അവകാശത്തോടൊപ്പം നിൽക്കണം.56 രാഷ്ട്രങ്ങളുടെ കൂട്ടായ്മ മേഖലയിലെ പ്രശ്നപരിഹാരത്തിന് ഒന്നിച്ച് നീങ്ങുമെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു. പരിഹാരമാകുംവരെ ഫലസ്തീന് പ്രശ്നം കൂട്ടായ്മയുടെ പ്രഥമ പരിഗണനയില്‍ ഉണ്ടാകും.
സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമം തുടരും. സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ജോർഡൻ, തുർക്കി, തുനീഷ്യ, സെനഗൽ, നൈജീരിയ, ബംഗ്ലാദേശ്, പാകിസ്താൻ രാഷ്ട്ര നേതാക്കൾ ഉച്ചകോടിയിൽ സംസാരിച്ചു.
ഒ.െഎ.സിയുടെ 14ാമത് ഉച്ചകോടിയാണ് വെള്ളിയാഴ്ച രാത്രി മക്കയിലെ സഫ കൊട്ടാരത്തിൽ നടന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവ് അധ്യക്ഷത വഹിച്ചു. ‘മക്ക ഉച്ചകോടി, ഭാവിക്ക് വേണ്ടി കൈകോർത്ത്’ എന്ന തലക്കെട്ടിലായിരുന്നു സമ്മേളനം.
ഇതിന് മുന്നോടിയായി അടിയന്തര ജി.സി.സി, അറബ് ഉച്ചകോടികൾ നടന്നു. മേഖലയെ അസ്വസ്ഥമാക്കുന്ന വിഷയങ്ങളിലൂന്നിയായിരുന്നു ആദ്യരണ്ട് ഉച്ചകോടികളും നടന്നത്. ഇറാൻ അറബ് മേഖലയുടെ സുരക്ഷക്കും വകിസനത്തിനും തടസ്സമാവുന്നുവെന്നും ആ രാജ്യത്തെ ഒറ്റപ്പെടുത്തി നിലക്കുനിർത്താനുള്ള ശക്തമായ തീരുമാനമെടുക്കാനുമായിരുന്നു ഉച്ചകോടികൾ. ഇറാനെ പിടിച്ചുകെട്ടാനുള്ള അമേരിക്കൻ നടപടികളെ പിന്തുണക്കുകയും അേതസമയം മേഖലയിൽ യുദ്ധമൊഴിവാക്കാൻ ശക്തമായി നിൽക്കാനുമാണ് ജി.സി.സി അറബ് ഉച്ചകോടികൾ തീരുമാനിച്ചത്.
ഖത്തർ വിഷയത്തിൽ ഉപാധികളിലുറച്ച് സൗദി
മക്ക: ഖത്തര്‍ വിഷയം പരിഹരിക്കാന്‍ ഉപാധികള്‍ പാലിക്കണമെന്ന് സൗദി ആവര്‍ത്തിച്ചു. ഉപാധികള്‍ പാലിക്കാതെ ഖത്തര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് വ്യക്തമാക്കി. മക്ക ഉച്ചകോടികളിൽ ഖത്തര്‍ പ്രശ്നപരിഹാരം ഗൗരവപ്പെട്ട ചർച്ചയായില്ലെന്നാണ് റിപ്പോർട്ട്. ഖത്തർ പ്രധാനമന്ത്രിയാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. സൗദി ഉൾപ്പെടെ രാജ്യങ്ങൾ രണ്ട് വർഷമായി തുടരുന്ന ഉപരോധം നീങ്ങിയേക്കുമെന്ന പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. പശ്ചിമേഷ്യയുടെ സമാധാനം തിരിച്ചുപിടിക്കാൻ ഒരുമിച്ചുനിൽക്കാൻ ഉച്ചകോടികൾ തീരുമാനിച്ചു.
മേഖലയുടെ അസ്ഥിരത തകര്‍ക്കുന്ന ഇറാനെ ഒറ്റപ്പെടുത്തും. കൂട്ടായ്മയിലെ അമ്പത്തിയാറ് രാജ്യങ്ങള്‍ ഒരുമിച്ചിരുന്നത് മേഖലയുടെ സ്വസ്ഥത തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് ഒ.െഎ.സി വ്യക്തമാക്കി. ഇറാനുയര്‍ത്തുന്ന ഭീഷണി നേരിടാനായാണ് അടിയന്തര അറബ് -ജി.സി.സി ഉച്ചകോടി മക്കയിൽ ചേര്‍ന്നത്. ഇതിന് പിന്നാലെയായിരുന്നു ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ സമ്മേളനം.
സമ്മേളനത്തെ അഭിസംബോധന ചെയ്ത സല്മാന് രാജാവ് ഹൂതികള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് ആവര്‍ത്തിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍, 56 രാഷ്ട്രങ്ങളുടെ കൂട്ടായ്മ മേഖലയിലെ പ്രശ്നപരിഹാരത്തിന് ഒന്നിച്ച് നീങ്ങുമെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.