യാംബു ടൗൺ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
യാംബു: ഒരുമയുടെ സന്ദേശവുമായി സമൂഹ ഇഫ്താർ സംഗമങ്ങൾ സജീവമായി. സ്വദേശികളും പ്രവാസികളും സൗഹാർദവും സാഹോദര്യവും പങ്കിട്ട് സ്നേഹസംഗമങ്ങളിൽ പങ്കെടുക്കുകയാണ്. ഇസ്ലാമിക് സെന്ററുകളുടെ (ജാലിയാത്ത്) ആഭിമുഖ്യത്തിലും മറ്റു സന്നദ്ധസംഘടനകളുടെ കീഴിലുമാണ് വിവിധ പ്രദേശങ്ങളിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. പ്രധാനപ്പെട്ട പള്ളികളോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ ടെന്റുകളിലും പ്രത്യേകം ഇഫ്താർ കൂടാരങ്ങൾ ഒരുക്കിയും സംഘടിത നോമ്പുതുറകൾ ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ട്.
വിവിധ പ്രദേശങ്ങളിൽ സ്വദേശികളായ സന്നദ്ധപ്രവർത്തകരാണ് നേതൃത്വം വഹിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആളുകൾ ഒരുമിച്ചിരുന്ന് ഇഫ്താർ വിഭവങ്ങൾ ഒന്നിച്ച് ഭക്ഷിച്ചും വിവിധ ഭാഷകളിൽ വിജ്ഞാന ക്ലാസുകൾ കേട്ടും സ്നേഹം പങ്കിടുന്ന സൗഹൃദസംഗമങ്ങൾ ഹൃദ്യമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. വിവിധ മലയാളി പ്രവാസി സംഘടനകളുടെയും മലയാളി ക്ലബുകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും വിവിധ നാട്ടുകാരുടെയും മഹല്ലുകളുടെയും കൂട്ടായ്മകളും വിപുലമായ രീതിയിൽ വരും ദിവസങ്ങളിൽ സംഘടിത ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ.
പ്രവാസലോകത്തെ വിശ്വാസികൾ റമദാന്റെ വിശുദ്ധ നാളുകളെ വരവേൽക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്. പ്രാർഥനകൾക്കും റമദാൻ പ്രഭാഷണങ്ങൾക്കുമൊപ്പം വിവിധ പരിപാടികളും ഇഫ്താർ സംഗമങ്ങളും റമദാന്റെ ഭാഗമായി വരും നാളുകളിൽ വിവിധ പ്രദേശങ്ങളിൽ കൂടുതൽ സജീവമാകും.യാംബു ടൗൺ ഇസ്ലാമിക് സെന്ററിന്റെ (ജാലിയാത്ത്) ആഭിമുഖ്യത്തിൽ റമദാൻ മുഴുവൻ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമങ്ങൾക്ക് കഴിഞ്ഞദിവസം തുടക്കം കുറിച്ചു.
യാംബു ടൗൺ ‘ഫിഷ് റൗണ്ട് എബൗട്ടിന്’ സമീപം വിശാലമായ സ്ഥലത്ത് പ്രത്യേകം ഇഫ്താർ ടെന്റ് തന്നെ ഈ വർഷം ഒരുക്കിയിട്ടുണ്ട്. 500ലേറെ പേർക്ക് ഒരുമിച്ചിരുന്ന് നോമ്പുതുറക്കാനുള്ള വിശാലമായ സൗകര്യങ്ങളാണ് ഇവിടുള്ളത്. ജാലിയാത്ത് മേധാവികളുടെ നേതൃത്വത്തിൽ വളന്റിയർമാരാണ് ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകുന്നത്. ഉദ്ഘാടന വേളയിൽ യാംബു ഇസ്ലാമിക് സെന്ററിന്റെ മേധാവികളും മറ്റു പ്രമുഖരും സംബന്ധിച്ചിരുന്നു.
ഇഫ്താറിനോടനുബന്ധിച്ച് അറബി, ഉറുദു, മലയാളം, ബംഗ്ല എന്നീ ഭാഷകളിൽ റമദാൻ സന്ദേശങ്ങൾ നൽകിക്കൊണ്ടുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ജാലിയാത്തിന് കീഴിൽ എല്ലാ ദിവസവും സൗജന്യ ഉംറ ബസ് സർവിസും ഈ വർഷവും നടക്കുന്നുണ്ട്.
യാംബുവിൽനിന്ന് ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നവർ ടൗണിലുള്ള ജാലിയാത്ത് ടെന്റിൽ നേരിട്ട് ബുക്ക് ചെയ്യണമെന്നും ഇഫ്താർ ടെന്റിലെ നോമ്പുതുറയും സൗജന്യ ഉംറ സർവിസും യാംബുവിലുള്ള എല്ലാവരും ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.