ജിദ്ദ വിമാനത്താവളത്തിലെ ഇസ്ലാമിക് ആർട്സ് ബിനാലെയിൽ പ്രദർശിപ്പിച്ച ‘കഅ്ബയുടെ കിസ്വ’
ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ തുടരുന്ന ഇസ്ലാമിക് ആർട്സ് ബിനാലെക്ക് അലങ്കാരമായി കഅ്ബയുടെ വസ്ത്രമായ ‘കിസ്വ’യുടെ പൂർണമായ പ്രദർശനം. വിമാനത്താവളത്തിലെ വെസ്റ്റേൺ പിൽഗ്രിംസ് ഹാളിൽ നടക്കുന്ന ബിനാലെയുടെ രണ്ടാം പതിപ്പിലാണ് കിസ്വ വസ്ത്രത്തിന്റെ മുഴുവൻ ഭാഗങ്ങളും പ്രദർശിപ്പിച്ചു. മക്കക്ക് പുറത്ത് ആദ്യമായാണ് കിസ്വയുടെ പൂർണ പ്രദർശനം.
കിസ്വ നെയ്തെടുക്കുന്ന ഇസ്ലാമിക കരകൗശല രീതിയുടെ സൗന്ദര്യശാസ്ത്രവും സ്വർണം, വെള്ളി നൂലുകളുള്ള അതിന്റെ എംബ്രോയ്ഡറി, പ്രകൃതിദത്ത സിൽക്ക്, കൈത്തറി വൈദഗ്ധ്യം തുടങ്ങിയ വിവരങ്ങളെല്ലാം മനസ്സിലാക്കാൻ സന്ദർശകരെ സഹായിക്കുന്ന തരത്തിലാണ് പ്രദർശന പരിപാടി. സ്വർണം, വെള്ളിനൂലുകൾ ഉപയോഗിച്ച് എംബ്രോയ്ഡറി ചെയ്യുന്നത് മുതൽ അവസാനഘട്ടം വരെയുള്ള സംസ്കരണ ഘട്ടങ്ങളും അറിയാനാവും. കാലങ്ങളോളം പഴക്കമുള്ള കിസ്വയുടെ ചരിത്രവും അതിന്റെ വികാസവും പരിണാമവും അലങ്കാരത്തിന് ഉപയോഗിക്കുന്ന കലാസാങ്കേതിക വിദ്യകളും എല്ലാം പ്രദർശനത്തിൽ അവതരിപ്പിക്കുന്നു.
ഇസ്ലാമിക കലകളുടെ ആത്മീയവശങ്ങൾ ഉയർത്തിക്കാട്ടുന്ന അപൂർവ ഇസ്ലാമിക പുരാവസ്തുക്കളുടെയും സമകാലിക കലാസൃഷ്ടികളുടെയും ഒരു ശേഖരവുമുണ്ട്. സന്ദർശകരുടെ അനുഭവത്തെ സമ്പന്നമാക്കുകയും വിശ്വാസസൗന്ദര്യത്തിന്റെയും കലാപരമായ ആവിഷ്കാരത്തിന്റെയും മാനങ്ങളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങാൻ അവർക്ക് സവിശേഷമായ അവസരം നൽകുകയും ചെയ്യുന്നതാണ് കിസ്വയുടെ പ്രദർശനം.
ലൈറ്റ് ആൻഡ് സൗണ്ട് ഷോകളിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. നിർമാണഘട്ടങ്ങൾ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും മേളയിലുണ്ട്. നിർമാണത്തിന് ഏറ്റവും മികച്ച സിൽക്ക് തെരഞ്ഞെടുക്കുന്നത് മുതൽ ഏറ്റവും പ്രഗത്ഭരായ കരകൗശല വിദഗ്ധർ നടത്തുന്ന എംബ്രോയ്ഡറി പ്രവർത്തനങ്ങൾ വരെ അതിൽ കാണിക്കുന്നു. കഅബയുടെ ആവരണം പ്രദർശിപ്പിക്കുന്നത് അതിന്റെ സൗന്ദര്യശാസ്ത്രം ഉയർത്തിക്കാട്ടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഇസ്ലാമിക പൈതൃകത്തിൽ അഭിമാനം വർധിപ്പിക്കാനും ഇരുഹറമുകളെ സേവിക്കുന്നതിൽ സൗദിയുടെ മുൻനിര പങ്കിനെ ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.