ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും രൂക്ഷമായ കൊലപാതക പരമ്പര. മയക്കുമരുന്നിന്റെ വ്യാപനവും ഉപയോഗവും നമ്മുടെ ഗ്രാമങ്ങളെ അശാന്തിയുടെ നാളുകളിലേക്കെത്തിച്ചിരിക്കുന്നു. രക്ഷാകർത്താക്കൾക്ക് മക്കളെ ഉപദേശിക്കാനോ വഴക്കുപറയാനോ പറ്റാത്ത അവസ്ഥയിലേക്കെത്തിച്ചിരിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വിതരണവും യുവാക്കളുടെ ഇടയിൽ വ്യാപകമായതോടെ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും കുടുംബ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എങ്ങനെയും പണം സമ്പാദിക്കുക, തങ്ങൾക്കാവശ്യമായ മയക്കുമരുന്ന് സംഘടിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു കൂട്ടം യുവാക്കൾ അവരുടെ ദിനങ്ങൾ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഗ്രാമങ്ങളിൽ പോലും കൂൺ പോലെ ഉയർന്നുവന്നിട്ടുള്ള ജിംനേഷ്യം പോലുള്ള സ്ഥാപനങ്ങൾ മയക്കുമരുന്നിന്റെ വിപണനകേന്ദ്രങ്ങളായിക്കൊണ്ടിരിക്കുന്നു. പല യുവാക്കളുടെ ഉള്ളിലും അറിഞ്ഞോ അറിയാതെയോ ആദ്യകാലങ്ങളിൽ എനർജി ഡ്രിങ്ക് എന്ന പേരിൽ മയക്കുമരുന്ന് എത്തിപ്പെടുന്നു. തങ്ങളുടെ ശരീരത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതായി ഈ ഡ്രിങ്കുകളെന്ന് മനസ്സിലാക്കി അത് മയക്കുമരുന്നാണെന്നറിയാതെ സാവധാനം പിന്നീടവർ അതിലേക്കെത്തിച്ചേരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സ്കൂൾ കുട്ടികളെ പോലും ഈ ലോബികൾ വെറുതെ വിടുന്നില്ല എന്നത് വളരെ ഗൗരവത്തോടെ വേണം കാണാൻ. ഇങ്ങനെ പല രീതിയിലും ഉപാഭോക്താക്കളെ കണ്ടെത്തുകയാണ് ഈ ലോബികൾ.
കഴിഞ്ഞ ദിവസം കായംകുളം കണ്ടല്ലൂരിലെ കൊലപാതകം ഭയപ്പാടോടെ ആണ് ഗ്രാമവാസികൾ നോക്കിക്കാണുന്നത്. വക്കീലായി ജോലി ആരംഭിച്ച ഒരു ചെറുപ്പക്കാരനാണ് മയക്കുമരുന്നിനടിപ്പെട്ടു സ്വന്തം അച്ഛനെ കൊലപ്പെടുത്തിയതും അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതും. വളരെ ക്രൂരമായി സ്വന്തം രക്ഷാകർത്താക്കളെ മുഖത്ത് തുരുതുരെ വെട്ടുകയാണുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. സ്വബോധത്തോടെ ഒരു മകനും ചെയ്യാൻ കഴിയാത്ത ഒരു പ്രവൃത്തിയാണ് അവിടെ നടന്നത്.
വിദ്യാഭ്യാസപരമായി ഉന്നതിയിൽ എത്തിപ്പെട്ട ഒരു ചെറുപ്പക്കാരനാണ് ഈ ക്രൂരത കാട്ടിയതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഒരു പ്രവാസിയായി ജീവിതം ആരംഭിച്ച കൊല്ലപ്പെട്ട നടരാജൻ വളരെ ചെറുപ്പത്തിലേ തന്നെ നാട്ടിൽ തിരിച്ചെത്തി കുടുംബ ജീവിതം നയിച്ച് വരുകയായിരുന്നു. പല കുടുംബങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇതിന് സമാനമായ ദാരുണ സംഭവങ്ങൾ അഭിമാനം ഓർത്ത് പുറത്തുപറയാത്ത നിരവധി രക്ഷാകർത്താക്കളുണ്ട്. അവർ തങ്ങളുടെ ദുരവസ്ഥ ഓർത്ത് ജീവിതം തള്ളിനീക്കുകയാണ്.ഈ ലോബികൾക്കെതിരെ ശക്തമായ ജനരോഷമുയരണം. ജാതി-മത രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ സംഘടിക്കണം. ഇത്തരം മയക്കുമരുന്ന് വിപണനക്കാരെ കണ്ടെത്തി സമൂഹത്തിൽ ഒറ്റപ്പെടുത്തണം.
ശിക്ഷിക്കണം. അതിന് പൊലീസും പഞ്ചായത്ത് ഭരണസംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണം. നല്ല റോഡുകളോ മറ്റടിസ്ഥാന സൗകര്യങ്ങളോ മാത്രമല്ല നാടിന്റെ വികസനം. ആരോഗ്യമുള്ള, ദേശസ്നേഹമുള്ള, കുടുംബ ബന്ധങ്ങൾക്ക് വിലകൽപിക്കുന്ന യുവാക്കളെ സൃഷ്ടിക്കാൻ കൂടി കഴിയണം എന്നാൽ മാത്രമേ ഒരു സമൂഹം വികസിക്കുകയുള്ളൂ. രാഷ്ട്രം വികസിക്കുകയുള്ളൂ. ഓരോ കുടുംബത്തിലും സമാധാനം പുലരുകയുള്ളൂ. തങ്ങളുടെ കുഞ്ഞുങ്ങളെ നേർവഴിക്ക് നയിക്കുന്ന സംവിധാനങ്ങളെ രക്ഷാകർത്താക്കൾ തിരിച്ചറിയണം. ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾ അവരുടെ കുടുംബത്തെ നാട്ടിൽ നിർത്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഓരോ ദിവസവും ഇത്തരം വാർത്തകൾ കാണുമ്പോൾ അതിൽ തങ്ങളുടെ കുട്ടികൾ ഉണ്ടാകരുതേ എന്ന പ്രാർഥനയാണ് രക്ഷിതാക്കൾക്ക്. പ്രവാസികളുടെ ഓരോ ദിവസവും പുലരുന്നത് ഈ ആശങ്കയോടെയാണ്.
അധികാരികൾ ശക്തമായി ഇടപെടൽ ഇക്കാര്യത്തിൽ നടത്തണമെന്ന് പ്രവാസ ലോകം അഭ്യർഥിക്കുന്നു. പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നെന്ന് വിളിച്ചുപറഞ്ഞാൽ മാത്രം പോരാ, ആ പ്രവാസികളുടെ കുടുംബത്തിന് സംരക്ഷണവും കുടുംബത്തെ വിട്ടു പ്രവാസലോകത്ത് ജീവിതം ഹോമിക്കപ്പെടാൻ വിധിക്കപ്പെട്ടവർക്ക് മനസ്സമാധാനവും ആത്മബലവും സർക്കാർ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.