ബഹ്​റൈനിൽ നടന്ന 46ാമത്​ ഗൾഫ്​ ഉച്ചകോടിയിൽ പ​ങ്കെടുത്ത രാഷ്​ട്ര നേതാക്കൾ

രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം കൂട്ടായ സുരക്ഷക്ക്​ ഭീഷണി -ജി.സി.സി നേതാക്കൾ

റിയാദ്: ഏതൊരു ഗൾഫ് രാജ്യത്തി​ന്റെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം കൂട്ടായ സുരക്ഷക്ക് ഭീഷണിയാണെന്ന് 46-ാമത് ഗൾഫ്​ ഉച്ചകോടിയിൽ പ​ങ്കെടുത്ത രാഷ്​ട്രനേതാക്കൾ പറഞ്ഞു. ജി.സി.സി അംഗരാജ്യങ്ങളുടെയും മേഖലയിലെ മറ്റെല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കേണ്ടതുണ്ട്. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം. ബലപ്രയോഗമോ ഭീഷണിയോ അനുവദിക്കാനാവില്ല.

ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും പ്രധാനമാണ്​. ഏതെങ്കിലും അംഗരാജ്യത്തി​ന്റെ പരമാധികാരത്തിന്മേൽ ഏത്​ തരത്തിലുള്ള ലംഘനവും അവരുടെ കൂട്ടായ സുരക്ഷക്ക്​ നേരിട്ടുള്ള ഭീഷണിയാണ്. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്​ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതി​ന്റെ പ്രാധാന്യം ‘സഖീർ 2025’ പ്രഖ്യാപനം ഊന്നിപ്പറഞ്ഞു.

സുസ്ഥിര വികസനത്തി​ന്റെ മേഖലകളിൽ പ്രത്യേകിച്ച് സൗഹൃദ രാജ്യങ്ങൾ, അന്താരാഷ്​ട്ര സംഘടനകൾ, സാമ്പത്തിക കൂട്ടായ്മകൾ എന്നിവയുമായുള്ള സഹകരണവും രാഷ്​ട്രീയ, സുരക്ഷാ, സാമ്പത്തിക പങ്കാളിത്തങ്ങളും ഏകീകരിക്കേണ്ടതി​ന്റെയും മെച്ചപ്പെടുത്തേണ്ടതി​ന്റെയും ആവശ്യകതയും ഉച്ചകോടിയിൽ നേതാക്കൾ പറഞ്ഞു. എല്ലാത്തരം തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുക, വിദ്വേഷ പ്രസംഗം, പ്രേരണ എന്നിവ തടയുക, രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മധ്യപൂർവദേശത്ത് നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയിൽ ‘സഖീർ’ പ്രഖ്യാപനത്തിലൂടെ ജി.സി.സി നേതാക്കൾ ‘ശറമു ശൈഖ്​ സമാധാന ഉച്ചകോടി’യുടെ ഫലങ്ങളെ സ്വാഗതം ചെയ്തു.

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറി​ന്റെ നിബന്ധനകൾ പൂർണമായി പാലിക്കുന്നത് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങൾക്ക് അവർ പിന്തുണ പ്രഖ്യാപിച്ചു. ഗൾഫ് സംയുക്ത പ്രവർത്തന പ്രക്രിയയിൽ കൈവരിച്ച നേട്ടങ്ങളിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. ഗൾഫ് കോമൺ മാർക്കറ്റിനും കസ്​റ്റംസ് യൂനിയനും വേണ്ടിയുള്ള ആവശ്യകതകൾ പൂർത്തീകരിക്കേണ്ടതി​ന്റെ പ്രാധാന്യം ‘സഖീർ’ ഉച്ചകോടിയിൽ ഒത്തുകൂടിയ നേതാക്കൾ ഊന്നിപ്പറഞ്ഞു.

വ്യാപാരവും ടൂറിസവും മെച്ചപ്പെടുത്തേണ്ടതി​ന്റെയും തന്ത്രപരമായ പദ്ധതികളിൽ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ഊർജം, ആശയവിനിമയം, വെള്ളം, ഭക്ഷണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടതി​ന്റെയും ആവശ്യകതയും അവർ പറഞ്ഞു. സംയുക്ത ഗൾഫ് പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽ സാങ്കേതികവിദ്യ, നിർമിത ബുദ്ധി, സൈബർ സുരക്ഷ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തേണ്ടതി​ന്റെ പ്രാധാന്യം നേതാക്കൾ പറഞ്ഞു.

വികസന പ്രക്രിയയിൽ യുവാക്കളുടെയും സ്ത്രീകളുടെയും സജീവ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതി​ന്റെ ആവശ്യകതയും അവർ സൂചിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തി​ന്റെ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള പ്രതിബദ്ധത അവർ പുതുക്കി. ഗൾഫിലും ആഗോളതലത്തിലും കാർബൺ ഉദ്വമനം പൂജ്യം കൈവരിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും അനുസൃതമായി. കാർബൺ ഉദ്വമനം കുറയ്ക്കുന്നതി​ന്റെയും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതി​ന്റെയും പ്രകൃതിദത്തവും സമുദ്രവിഭവങ്ങളും സംരക്ഷിക്കുന്നതി​ന്റെയും പ്രാധാന്യവും അവർ പറഞ്ഞു.

Tags:    
News Summary - Intrusions on the sovereignty of countries are a threat to collective security - GCC leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.