മക്ക: ഖുർആൻ മനഃപാഠമാക്കൽ, പാരായണം, വ്യാഖ്യാനം എന്നിവയ്ക്കായി സംഘടിപ്പിച്ച 46-ാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിലെ വിജയികളെ ഇന്ന് (ബുധൻ) ആദരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ, അദ്ദേഹത്തെ പ്രതിനിധീകരിച്ച് മക്ക റീജിയൻ ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് അവാർഡുകൾ സമ്മാനിക്കും. മക്ക മസ്ജിദുൽ ഹറാമിൽ ഇസ്‌ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന സമാപന ചടങ്ങിൽ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, അംബാസഡർമാർ, വിവിധ പ്രതിനിധി സംഘത്ത തലവന്മാർ എന്നിവർ പങ്കെടുക്കും. ഇതാദ്യമായി വനിതാ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയ ചരിത്രപരമായ മത്സരത്തിൽ വനിതാ വിജയികളെ സൽമാൻ രാജാവിന്റെ പത്നി ഫഹ്ദ ബിൻത് ഫലാഹ് അൽ ഹഥ്‌ലീൻ മക്ക ഹിൽട്ടൺ കോൺഫറൻസ് ഹോട്ടലിൽ വെച്ച് ആദരിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 334 മത്സരാർത്ഥികൾ മാറ്റുരച്ച സമാപന റൗണ്ടുകൾക്ക് ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി 133 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ വിദഗ്ധരായ പ്രാദേശിക, അന്തർദേശീയ വിധികർത്താക്കളാണ് മൂല്യനിർണ്ണയം നടത്തിയത്. ഈ വർഷത്തെ മത്സരത്തിൽ ഓരോ വിഭാഗത്തിലും അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും വീതം ആകെ 50 വിജയികൾക്ക് പുരസ്കാരങ്ങൾ നൽകും. ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും. മൊത്തം 10.26 മില്യൺ റിയാലാണ് സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്. വിശുദ്ധ ഖുർആനെയും അതിന്റെ പ്രചാരകരെയും ആദരിക്കുന്നതിൽ സൗദി ഭരണകൂടം നൽകുന്ന വലിയ പ്രാധാന്യവും ആഗോള നേതൃത്വവുമാണ് ഈ വലിയ നേട്ടത്തിലൂടെ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.