യാംബു: അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഈ മാസം 13, 14 തീയതികളിൽ മക്കയിൽ നടക്കും. മിതത്വം പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള ഇസ്ലാമിക പണ്ഡിതരുടെ പങ്ക് എന്ന ചർച്ചയിൽ ഊന്നിനടക്കുന്ന ഇൻറർനാഷനൽ ഇസ്ലാമിക് കോൺഫറൻസിൽ 85 രാജ്യങ്ങളിൽനിന്നുള്ള 150 ഇസ്ലാമിക പണ്ഡിതരും മതനേതാക്കളും പങ്കെടുക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൽമാൻ രാജാവ് സൗദിയിൽ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ അനുമതി നൽകി.
ഏഴ് പാനൽ ചർച്ചകളിലൂടെ ആളുകൾക്കിടയിൽ സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീവ്രവാദവും ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
മുസ്ലിംകൾക്കെതിരെ അനിയന്ത്രിതമായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ മുസ്ലിം ഐക്യത്തിന്റെ അനിവാര്യതയും പരസ്പര സഹവർത്തിത്വവും സഹിഷ്ണുത വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക പണ്ഡിതരും മുഫ്തികളും ചർച്ച
ചെയ്യും.
സൗദി ഇസ്ലാമിക് അഫയേഴ്സ്-ദഅവ-ഗൈഡൻസ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്. ലോകമെമ്പാടുമുള്ള പണ്ഡിതന്മാരും മതവിഭാഗങ്ങളും തമ്മിൽ ബന്ധം സ്ഥാപിക്കാനും മുസ്ലിം ലോകത്ത് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദ ആശയങ്ങൾക്കെതിരെ പോരാടുന്നതിനും സംഭാവന നൽകുന്നതിനും പരിപാടി ലക്ഷ്യമിടുന്നു. മുസ്ലിം സമുദായവും ലോകവും നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ മക്കയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ലോക മുസ്ലിംകൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.