സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്
റിയാദ്: 571 അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ മേഖല ആസ്ഥാനം സൗദി അറേബ്യയിലേക്ക് മാറ്റിയതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. സ്റ്റാൻഡേർഡ് ഇൻസെൻറീവ് ആരംഭത്തോടനുബന്ധിച്ച് നടന്ന ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളിലേക്ക് സൗദിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സംരംഭം ക്രമാനുഗതമായി പുരോഗമിക്കുകയും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര കമ്പനികൾ ഭൂരിഭാഗവും റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിലാണ് ഓഫിസുകൾ തുറന്നിരിക്കുന്നത്.
കമ്പനികളിൽ ഏറ്റവും വലിയ പങ്ക് വ്യാവസായിക കമ്പനികളാണ്. ഈ കമ്പനികൾക്ക് വിവിധ പദ്ധതികളിലൂടെ പ്രോത്സാഹനവും വിഭവശേഷിയും നൽകുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു. ഇൻസെൻറീവിന്റെ ആദ്യ ഘട്ടം രണ്ട് വർഷം മുമ്പാണ് ആരംഭിച്ചത്. ഈ സമയത്ത് 310 ശതകോടി റിയാലിന്റെ 33 പദ്ധതികൾക്ക് പിന്തുണ നൽകി.
രാജ്യത്തെ വിദേശ നിക്ഷേപത്തിന്റെ 30 ശതമാനം സംഭാവന ചെയ്യുന്നത് വ്യവസായ മേഖലയാണ്. ഇത് 61 ശതമാനം വർധിച്ചു. നിക്ഷേപ മന്ത്രാലയം അന്താരാഷ്ട്ര കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള മിക്ക ലൈസൻസുകളും നിർമാണ വ്യവസായങ്ങൾക്കുള്ളതാണ്.
2024 മൂന്നാം പാദത്തിന്റെ അവസാനം വരെ ഉൽപ്പാദന വ്യവസായങ്ങളിൽ 142 ശതകോടി റിയാൽ നിക്ഷേപം കൈവരിച്ചു. ‘വിഷൻ 2030’ന്റെ ഹൃദയഭാഗത്ത് വ്യാവസായിക മേഖലയാണെന്നും നിക്ഷേപ മന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.