കോവിഡ് ചട്ടം ലംഘിച്ച സ്ഥാപനം അടച്ചുപൂട്ടിയപ്പോൾ
ജിദ്ദ: കോവിഡ് മുൻകരുതൽ ലംഘിച്ചതിനെ തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ജിദ്ദയിൽ 298 സ്ഥാപനങ്ങൾക്കാണ് മുനിസിപ്പാലിറ്റി താഴിട്ടത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിലാണ് ഇത്രയും സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതെന്ന് മുനിസിപ്പാലിറ്റി ബ്രാഞ്ചുകളുടെ അണ്ടർ സെക്രട്ടറി എൻജി. മുഹമ്മദ് അൽമുതൈരി പറഞ്ഞു. ഇൗ മേഖലയിൽ മൊത്തം 8,824 പരിശോധനകൾ നടത്തി. 341 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
പരിശോധന മുമ്പുള്ളതിനേക്കാൾ കർശനമാക്കുകയും കൂടുതൽ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കച്ചവട കേന്ദ്രങ്ങൾ, റസ്റ്റാറൻറുകൾ, കഫേകൾ തുടങ്ങിയവ പരിശോധിച്ചതിലുൾപ്പെടും. സിനിമ ഹാളുകൾ, വാണിജ്യ കോംപ്ലക്സിനും റസ്റ്റാറൻറുകൾക്കും അകത്തും പുറത്തുമുള്ള വിനോദ കേന്ദ്രങ്ങൾ, ജിം സെൻററുകൾ, കായിക കേന്ദ്രങ്ങൾ, മണ്ഡപങ്ങൾ അടച്ചതായും അണ്ടർ സെക്രട്ടറി പറഞ്ഞു.
വിവിധ ബ്രാഞ്ച് ഒാഫിസുകൾക്ക് കീഴിൽ പരിശോധന തുടരുമെന്നും എല്ലാവരും ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും മുനിസിപ്പൽ അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തെ മറ്റു മേഖലകളിലും ആരോഗ്യ മുൻകരുതൽ പരിശോധന തുടരുകയാണ്. റിയാദിൽ 24 മണിക്കൂറിനുള്ളിൽ 114 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളിയാഴ്ച 57 സ്ഥാപനങ്ങൾക്ക് താഴിട്ടിരുന്നു. 4,900 പരിശോധനകൾ നടത്തി. 617 നിയമലംഘനങ്ങൾ കണ്ടെത്തി. ഭാഗികമായും പൂർണമായും കോവിഡ് മുൻകരുതൽ പാലിക്കാത്ത സ്ഥാപനങ്ങൾ ഇതിലുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.