മക്കയിൽ ജനസാഗരം; ഇരുപത്തിയെട്ടാം രാവിൽ തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞ് മസ്ജിദുൽ ഹറാം

മക്ക: റമദാനിലെ ഇരുപത്തിയെട്ടാം രാവിൽ മക്കയിലെ മസ്ജിദുൽ ഹറാം ദശലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനകളാൽ മുഖരിതമായി. പുണ്യരാവ് ധന്യമാക്കാൻ ഉംറ തീർത്ഥാടകരും നമസ്​കാരിക്കാനുള്ളവരും വൻതോതിൽ ഒഴുകിയെത്തിയതോടെ ഹറം മുറ്റങ്ങളിൽ അതീവ ഭക്തിനിർഭരമായ അന്തരീക്ഷമാണ് ദൃശ്യമായത്.


തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും കൃത്യമായി ലഭ്യമാക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് മക്കയിൽ ഒരുക്കിയിരുന്നത്.

റമദാനിലെ അവസാന ദിനങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്ത് മസ്ജിദുൽ ഹറം-മസ്ജിദുന്നബവി കാര്യാലയവും വിവിധ സുരക്ഷാ ഏജൻസികളും സംയുക്തമായാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഹറമിനുള്ളിലെ ഇടനാഴികളിലും മുറ്റങ്ങളിലും മതാഫിലും വിശ്വാസികളുടെ നീക്കം അതീവ സുഗമമായിരുന്നു.

ഹറമിലേക്കുള്ള പ്രധാന റോഡുകളിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണത്തിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഫീൽഡ് ടീമുകളുടെ കൃത്യമായ ഇടപെടലിലൂടെ വിശ്വാസികളെ നിശ്ചിത സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും സാധിച്ചു.

തടസ്സമില്ലാത്ത സംസം കുടിവെള്ള വിതരണം, സുഗമമായ പാതകൾ, ആരോഗ്യ-സുരക്ഷാ സേവനങ്ങൾ എന്നിവ ഉറപ്പുവരുത്തിയതോടെ ഇശാ, തറാവീഹ് നമസ്കാരങ്ങൾക്കായി എത്തിയവർക്ക് ഏറെ ആശ്വാസകരമായി. സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷത്തിൽ ആരാധനകൾ നിർവ്വഹിക്കാൻ സാധിച്ചതിൻ്റെ സംതൃപ്തിയിലാണ് മക്കയിലെത്തിയ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ. പുണ്യമാസം അവസാനിക്കുന്നതോടെ വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ വൻ സജ്ജീകരണങ്ങളാണ് അധികൃതർ തുടർന്നും ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - A sea of ​​people in Mecca; Masjid al-Haram filled with pilgrims on the 28th night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.